22
Aug 2023
Fri
22 Aug 2023 Fri

ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സൗദി സ്പ്രിന്ററും ദേശീയ അത്ലറ്റുമായ യാര അബുല്‍ ജദായെല്‍. 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കാന്‍ യാര അബുല്‍ ജദായെല്‍ യോഗ്യത നേടിക്കഴിഞ്ഞു.ഈ യോഗ്യത നേടുന്ന ആദ്യ സൗദി വനിതാ താരമാണ്. നാളെ മുതല്‍ 27 വരെ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലാണ് യാര പങ്കെടുക്കുന്നത്. 202 രാജ്യങ്ങളില്‍ നിന്നായി ഒളിംപിക് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ 2000ത്തിലധികം കായികതാരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ നേടിയ താരമാണ് യാര. എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടില്‍ സൗദി അറേബ്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്‍ യാരയ്ക്ക് വിജയാശംസകള്‍ നേര്‍ന്നു. ഹംദാന്‍ അല്‍ ബിഷിയാണ് അബുല്‍ ജദയേലിന്റെ പരിശീലകന്‍. മൊറോക്കോയിലെ അറബ് ചാമ്പ്യന്‍ഷിപ്പ്, അല്‍ജിയേഴ്സില്‍ നടന്ന അറബ് ഗെയിംസ്-2023, സ്പെയിനിലെ ദേശീയ ടീമിനൊപ്പമുള്ള പരിശീലന ക്യാംപ് എന്നിവയില്‍ പങ്കെടുത്ത യാര കഴിഞ്ഞ മെയ് മുതല്‍ ബുഡാപെസ്റ്റ് ഇവന്റിനുള്ള തയ്യാറെടുപ്പുകള്‍ തുടരുകയാണ്.

15ാമത് അറബ് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുള്ള യാര ലോക ചാംപ്യന്‍ഷിപ്പ് തലത്തില്‍ ആദ്യമായാണ് മല്‍സരിക്കുന്നത്. അറബ് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ ആറാം സ്ഥാനവും 400 മീറ്ററില്‍ സെമിഫൈനലിലുമെത്തി.

2018 ലെ ഏഷ്യന്‍ ഗെയിംസില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച വനിതാ ടീമില്‍ അംഗമായിരുന്നു. ആ സമയത്ത് 100 മീറ്ററില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിയ പ്രകടനവും കാഴ്ചവച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കഴിഞ്ഞ ഏപ്രിലില്‍ സമാപിച്ച പശ്ചിമേഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജിയിച്ച സൗദി ദേശീയ ടീമില്‍ അംഗമായിരുന്നു.