23
Jan 2023
Wed
23 Jan 2023 Wed

എൻ.എം സിദ്ദീഖ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ എന്ന സിനിമ ഓഫ്ബീറ്റ് സിനിമയായിരുന്നു. ‘സൗദി വെള്ളക്ക’ എന്ന പേരിൽ സുഖം തോന്നാതിരുന്നതിനാൽ കാണാൻ കൂട്ടാക്കാതിരുന്ന സിനിമ ചില സുഹൃത്തുക്കൾ പറഞ്ഞ് കാണുമ്പോൾ വിഭിന്നമായ കാഴ്ചാനുഭവമാണത് നൽകിയത്. റിവ്യൂ എഴുതാൻ വീണ്ടും ചില സുഹൃത്തുക്കളാണ് നിർബന്ധിച്ചത്.

വളരെ നിസാരമായ സംഭവത്തിന്റെ കഥാതന്തുവിൽ ലളിതമായി ആഖ്യാനിച്ച ചിത്രം സരള പരിചരണത്തോടൊപ്പം മനുഷ്യത്വരഹിതമായ നടപ്പ് പൊലീസിങ്/കോടതി വ്യവഹാരങ്ങളിലെ ഗർഹണീയതയും ചിത്രപ്പെടുത്തുന്നു. സാധാരണക്കാരായ മനുഷ്യരുടെ മതേതര സൗഹൃദം സിനിമയിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

പശ്ചിമകൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനിലെ ലാത്തികളുടെയും ഇരുമ്പ് തൊപ്പികളുടെയും മീഡിയം ഷോട്ടുകളിലെ ചിത്രാരംഭം ഒരു സസ്‌പെൻസ് ത്രില്ലറിനെ ദ്യോതിപ്പിക്കുന്നുവെങ്കിലും കഥാഗതി അതല്ലെന്ന് എളുപ്പം റിയലൈസ് ചെയ്യുന്നുണ്ട്.

ചിത്രത്തിലുടനീളം പൊലീസ്, കേസ്, സമൻസ്, വാറന്റ്, അറസ്റ്റ്, ജാമ്യം, കോടതി, മജിസ്‌ട്രേറ്റ്, അഭിഭാഷകർ എന്നിങ്ങനെ കരുണാരഹിതമായ നടപ്പ് വ്യവഹാരങ്ങളാണ് നിറയുന്നതെങ്കിലും മനുഷ്യത്വത്തിന്റെ പച്ചപ്പ് ശേഷിക്കുന്ന തുരുത്തുകളാണ് പ്രതീക്ഷയോടെ പറഞ്ഞുവെക്കുന്നത്.

കുട്ടികൾ ടെറസിൽ കവിളൻമടലും വെള്ളക്ക(മലബാറിൽ മച്ചിങ്ങ എന്നു പറയുന്ന തേങ്ങയുടെ ബാല്യാവസ്ഥ)യുമായി ക്രിക്കറ്റ് കളിക്കുന്നതിനിടെ അത് ഉമ്മയുടെ മേൽ കൊള്ളുന്നതും ഉമ്മ ടെറസിൽ വന്ന് വെള്ളക്ക അടിച്ച് കൊള്ളിച്ചവനെ മടലുകൊണ്ട് ചെറുതായി അടിക്കുന്നതും പൊഴിയാൻ തയ്യാറായി ഇളകിനിന്ന അവന്റെ മുൻപല്ലൊന്നടരുന്നതും ചോരയും കളി കൈവിട്ടുപോകുന്നതും…

പലിശക്കാരനായ വീട്ടുടമ, ഉമ്മയോടുള്ള അയൽപ്പക്ക വഴക്കിന്റെ ചൊരുക്കിൽ പ്രശ്‌നം പോലിസ് കേസാക്കുകയാണ്. അയാളുടെ ദുസ്വാധീനത്തിൽ പോലിസ് കേസ് ഗൗരവതരമാവുകയാണ്. ഉമ്മയെ പോലിസ് അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നതും പാതിരാത്രി മകനും ഓടിയെത്തിയവരും വക്കീലും ചേർന്ന് ജാമ്യമെടുക്കുന്നതും…

ഇതിനിടെ വിഷയത്തെ വർഗീയവൽക്കരിക്കാനും തൽപ്പരകക്ഷികൾ മുതിരുന്നുണ്ട്. നിരവധി നർമ മുഹൂർത്തങ്ങളിലൂടെ പോകുന്ന കോടതിയിൽ നമ്മുടെ വിഖ്യാതമായ കാലതാമസം അസാമാന്യമായി നീളുന്നു, ഒരു ദശകത്തോളം. ഉമ്മ തനിയെ വീട് മാറുന്നു. ഇതിനിടെ മകൻ അപ്രത്യക്ഷനാകുന്നു.

ഒടുവിൽ കേസിൽ കുറ്റസമ്മതം നടത്തി വക്കീലിനെയും പഴയ പല്ലുപോയ കുട്ടി, ഇപ്പോൾ ഉമ്മയെ സഹായിക്കാൻ സംഭവം ഓർമയില്ലെന്ന് പറഞ്ഞ മുതിർന്ന സാക്ഷിയെയും മജിസ്‌ട്രേറ്റിനെത്തന്നെയും നിഷ്‌കളങ്കമായ സത്യസന്ധതയാൽ ഉമ്മ ഞെട്ടിക്കുന്നു.

ഒരുദിവസം തടവും പിഴയും വിധിക്കാൻ മജിസ്‌ട്രേറ്റ് നിർബന്ധിതനാകുന്നു. പിഴ പഴയ കുട്ടി ഒടുക്കുന്നു. നിരാലംബയായ ഉമ്മയെ സ്വന്തം വീട്ടിലേക്ക് കൂട്ടുവാൻ വരെ പഴയ കുട്ടി മുതിരുന്നു.ഇന്ത്യന്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകളുടെ വേപഥുവിലും ചിരിക്കുകയും ഇത്രയൊക്കെയോ ഉള്ളോ മനുഷ്യന്റെ കാര്യമെന്ന ആകുലതയെ ഇത്രയ്‌ക്കൊക്കെയുണ്ട് മനുഷ്യന്റെ കാര്യമെന്ന് പ്രസ്താവിച്ച് പ്രസന്നതയില്‍ ചിരിക്കുന്ന ഉമ്മയില്‍ സിനിമ അവസാനിക്കുന്നു.

ചിത്രത്തിൽ ഉമ്മയായി വേഷമിട്ട ദേവിവർമയുടെ അപാര പെർഫോമൻസാണ് ഹൈലൈറ്റ്. നിസ്സഹായതയുടെ സ്ഥായീഭാവം മുഖത്തണിഞ്ഞ ഉമ്മ മലയാള സിനിമയിലെ വേറിട്ട അമ്മമുഖമായി. ലുക്മാനും ബിനു പപ്പുവും സുജിത് ശങ്കറും ഗോകുലനും അവരവരുടെ റോളുകൾ ഭംഗിയാക്കിയിരിക്കുന്നു.