17
Dec 2023
Wed
17 Dec 2023 Wed

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ ലാബ് പരിശോധനകൾക്കുള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് പരാതി. ചികിൽസ തേടിയെത്തിയ രോഗികൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിഷയം ചർച്ചയായത്. സോഡിയം, പൊട്ടാസ്യം ഉൾപ്പെടെയുള്ള ലാബ് പരിശോധനകൾക്ക് ഉള്ള ഉപകരണങ്ങൾ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷത്തിലേറെയായി.എന്നാൽ കേടുവന്ന ഉപകരണങ്ങൾ റിപ്പയർ ചെയ്യാൻ ആശുപത്രി അധികൃതർ നിർദേശം നൽകാത്തതിൽ ദുരൂഹതയുണ്ടെന്ന് സേവ് അരീക്കോട് ആശുപത്രി ഫോറം ഭാരവാഹികൾ പറ‍ഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവിധ ഫണ്ടുകൾ ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളിൽ ഏറെയും അംഗീകൃത കമ്പനികളിൽ പെട്ടതല്ലന്നും പല കമ്പനികളും പൂട്ടി പോയതായുമാണ് ബന്ധപ്പെട്ടവരിൽ നിന്നുള്ള വിവരം. അതു കൊണ്ട് വാങ്ങി നാളുകൾക്ക് ശേഷം ഉപകരണങ്ങൾ കേടായാൽ നന്നാക്കിയെടുക്കാൻ കഴിയുന്നില്ല. ലാബ് സൗകര്യം താലൂക്ക്ആശുപത്രിയിൽ ലഭ്യമായിരുന്നിട്ടും കേടായ ഉപകരണങ്ങൾ നന്നാക്കാത്തതിനു കാരണം സ്വകാര്യ ലാബുകളെ സഹായിക്കുന്നതിനാണെന്ന ആരോപണവുമുണ്ട്.

ലാബ് ഉപകരണങ്ങളുടെ പ്രവർത്തനം നിലച്ചതിനെതിരെ മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രിക്കും ജനകീയ പരാതി സമർപ്പിച്ചതായി സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഭാരവാഹികൾ അറിയിച്ചു’ അംഗീകാരമില്ലാത്ത കമ്പനികളിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങൾ വാങ്ങിയത് ക്രമക്കേട് ആയതിനാൽ വിജിലൻസിന് പരാതി സമർപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.