സ്ഥാനമൊഴിയാൻ കൂട്ടാക്കാത്ത സ്കൂൾ പ്രിൻസിപ്പലിനെ കസേര സഹിതം ഉന്തി പുറത്താക്കി അധികൃതർ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ ബിഷപ്പ് ജോൺസൺ ഗേൾസ് സ്കൂളിൽ നിന്നാണ് കൗതുകകരമായ സംഭവം.
|
വനിതാ പ്രിൻസിപ്പലായ പരുൽ സോളമനോട് പദവിയൊഴിയാൻ നിർദേശം നൽകിയിട്ടും ഇവർ വഴങ്ങിയില്ല. പുതിയ പ്രിൻസിപ്പൽ ചാർജെടുക്കാൻ എത്തിയിട്ടും ഇവർ കസേര വിട്ടുകൊടുക്കാൻ വിസമ്മതിച്ചതോടെ സ്കൂളിന്റെ ചെയർമാനും അധ്യാപകരും മറ്റുജീവനക്കാരുമെത്തി ബലപ്രയോഗം നടത്തി. എന്നാൽ കസേരയിൽ നിന്നെഴുക്കാൻ കൂട്ടാക്കാതെ പ്രിൻസിപ്പൽ ഇരിപ്പുറപ്പിച്ചതോടെ ചിലർ അവരുടെ മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോവുകയും മേശ വലിച്ചുമാറ്റുകയും ചെയ്തു. ഇതിനിടെയാണ് ചക്രക്കസേരയിലിരുന്ന പ്രിൻസിപ്പലിനെ ചിലർ മുറിക്കു പുറത്തേക്ക് ഉന്തിക്കൊണ്ടുപോയത്.
ഫെബ്രുവരിയിൽ സ്കൂളിൽ നടത്തിയ യുപിപിഎസ് സി ആർഒ-എആർഒ പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്നും ഇതിലൂടെ കോടികൾ ഒരു സംഘം സമ്പാദിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തുകയും ഇതേത്തുടർന്ന് സ്കൂൾ ജീവനക്കാരനടക്കം നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നുവെന്ന് ബിഷപ്പ് ഡാൻ പറയുന്നു. സ്കൂൾ പ്രിൻസിപ്പലിനും ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പദവിയിൽ നിന്ന് നീക്കിയതെന്നും ബിഷപ്പ് വ്യക്തമാക്കി.
ബിഷപ്പ് അടക്കമുള്ളവരായിരുന്നു പ്രിൻസിപ്പലിന്റെ മുറിയിൽ കയറി ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്. പ്രിൻസിപ്പൽ പരുൾ സോളമനെ കസേര സഹിതം പുറത്താക്കിയതോടെ പുതിയ പ്രിൻസിപ്പൽ ഷെർലിൻ മസി ചാർജ് ഏറ്റെടുക്കുകയും ചെയ്തു. അതേസമയം പുറത്താക്കപ്പെട്ട പ്രിൻസിപ്പൽ ബിഷപ്പ് അടക്കമുള്ളവർക്കെതിരേ ലൈംഗികാതിക്രമത്തിന് പോലീസിൽ പരാതി നൽകി. പരുൾ സോളമൻ പ്രിൻസിപ്പലായിരുന്ന കാലത്ത് സ്കൂളിൽ നിന്ന് 2.40 കോടി രൂപ അടിച്ചുമാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ബിഷപ് ഡാൻ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






