21
Jun 2023
Wed
21 Jun 2023 Wed

ലിസ്ബൺ: പോർച്ചുഗലിൽ നടന്ന സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനോട് അപ്രതീക്ഷിത പരാജയമേറ്റ് ബ്രസീൽ. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീലിൻറെ പരാജയം. ക്യാപ്റ്റൻ സാദിയോ മാനേയുടെ ഇരട്ടഗോൾ കരുത്തിലാണ് മുൻ ലോക ചാമ്പ്യൻമാർക്കെതിരെ സെനഗലിൻറെ ജയം. ലൂകാസ് പക്വേറ്റ, മാർക്വീഞ്ഞോസ് എന്നിവരാണ് ബ്രസീലിൻറെ ഗോളുകൾ നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹബിബ ഡിയാലോ സെനഗലിൻറെ ആദ്യഗോൾ നേടിയപ്പോൾ മാർക്വീഞ്ഞോസിൻറെ സെൽഫ് ഗോൾ ബ്രസീലിൻറെ പതനം പൂർത്തിയാക്കി. സെനഗൽ ആദ്യമായാണ് ബ്രസീലിനെ തോൽപിക്കുന്നത്. സെനഗലിൻറെ തോൽവി അറിയാത്ത എട്ടാമത്തെ മത്സരമാണിത്. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് ബ്രസീൽ നാല് ഗോൾ വഴങ്ങുന്നത്.

11-ാം മിനിറ്റിൽ പക്വേറ്റയിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 22-ാം മിനിറ്റിൽ ഹബീബ് ഡയാലയിലൂടെ സെനഗൽ ഒപ്പമെത്തി. ആദ്യ പകുതിയിൽ ഇരു ടീമും ഓരോ ഗോൾ വീതം അടിച്ച് തുല്യതയിൽ പിരിഞ്ഞപ്പോൾ രണ്ടാം പകുതിയിൽ മാർക്വീഞ്ഞാസിൻറെ സെൽഫ് ഗോള് ബ്രസീലിനെ പിന്നിലാക്കി. തൊട്ടുപിന്നാലെ സാദിയോ മാനെയും ലക്ഷ്യം കണ്ടപ്പോൾ മുൻ ലോക ചാമ്പ്യൻമാർ ഞെട്ടി.

രണ്ട് ഗോളിന് പിന്നിലായിപ്പോയതിൻറെ ഞെട്ടലിൽ രണ്ടും കൽപ്പിച്ച് ആക്രമിച്ച ബ്രസീലിനായി മാർക്വീഞ്ഞാസ് തന്നെ ഒരു ഗോൾ തിരിച്ചടിച്ച് ബ്രസീലിന് പ്രതക്ഷ നൽകി. സമനില ഗോളിനായി ബ്രസീൽ കിണഞ്ഞു ശ്രമിക്കുന്നതിനിടെ കളി തീരാൻ സെക്കൻഡുകൾ ബാക്കിയിരിക്കെ ലഭിച്ച പെനൽറ്റി സാദിയോ മാനെ ബ്രസീലിൻറെ തോൽവി ഉറപ്പിച്ചു.