15
May 2023
Mon
15 May 2023 Mon

റായ്പൂർ: ഛത്തീസ്ഗഢിൽ മുതിർ‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേർന്നു. ഗോത്രവർഗ നേതാവും മുൻ എംപിയുമായ നന്ദ്കുമാർ സായ് (77) ആണ് കോൺഗ്രസിൽ ചേർന്നത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, പാർട്ടി അധ്യക്ഷൻ മോഹൻ മർകം എന്നിവരാണ് റായ്പൂരിലെ കോൺഗ്രസ് ആസ്ഥാനത്ത് വച്ച് അം​ഗത്വം നൽകിയത്. മുമ്പ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷ നേതാവുമായിരുന്നു സായ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചില പാർട്ടി നേതാക്കൾ തന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയത് തന്നെ ഏറെ വേദനിപ്പിച്ചതായി അദ്ദേഹം ബിജെപി നേതൃത്വത്തിന് നൽകിയ രാജിക്കത്തിൽ പറയുന്നു. സായിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത ബാഗേൽ, ഇത് ഛത്തീസ്ഗഡിലെ ആദിവാസികൾ പ്രയോജനം ചെയ്യുമെന്ന് പറഞ്ഞു. ഗോത്ര വിഭാഗങ്ങൾക്കിടയിൽ വൻ സ്വാധീനമുള്ള സായിയുടെ രാജി ബിജെപിക്ക് കനത്ത തരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ.

അതേസമയം, അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺ സിങ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാഥിയാവാൻ നന്ദ്കുമാർ സായ്ക്ക് സാധ്യത കൽപ്പിച്ചിരുന്നെങ്കിലും അവസാനം രമൺ സിങ്ങിനെ തെരഞ്ഞെടുക്കുകയായിരുന്നു.

1977, 1985, 1998 വർഷങ്ങളിൽ സായ് മധ്യപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഛത്തീസ്ഗഢ് രൂപീകരണത്തിന് ശേഷം 2000ൽ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സംസ്ഥാന നിയമസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്നു. 1989,1996, 2004 വർഷങ്ങളിൽ ലോക്‌സഭയിലേക്കും അദ്ദേഹം വിജയിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക