12
Feb 2025
Fri
12 Feb 2025 Fri
Senior journalist V T Shahul Hameed passed away

തൃക്കരിപ്പൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുസ് ലിം ലീഗ് നേതാവുമായ വി.ടി. ഷാഹുല്‍ ഹമീദ് (74) അന്തരിച്ചു. ഉടുമ്പുന്തലപുനത്തിലുള്ള മകളുടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1970 മുതല്‍’ ചന്ദ്രികയിലൂടെയാണ് മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. നീണ്ട അമ്പത്തിനാല് വര്‍ഷവും ചന്ദ്രിക പത്രത്തിന്റെ പ്രതിനിധിയായി തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ റിപോര്‍ട്ടായും ചന്ദ്രികയുടെ കണ്ണൂര്‍ ബ്യൂറോയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രികയുടെ കണ്ണൂര്‍ ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ മലയാളമനോരമയിലേക്ക് മാറിയെങ്കിലും സി.എച്ച്.മുഹമ്മദ് കോയയുടെ ആവശ്യപ്രകാരം ചന്ദ്രികയില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. ചന്ദ്രിക ശാഹു എന്ന പേരിലാണ് വി ടി ഷാഹുല്‍ ഹമീദ് നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കിടയിലും അറിയപ്പെടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടുമ്പുന്തലയിലും പരിസരപ്രദേശങ്ങളിലും നിരവധി വികസനങ്ങള്‍ എത്തിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇ അഹമ്മദ് സാഹിബിന്റെ ഇഷ്ട തോഴനായിരുന്നു. പത്രപ്രവര്‍ത്തനത്തോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനത്തിലും മുന്‍ നിരയില്‍ നിന്ന വി.ടി. ലീഗിന്റെ ജില്ലാ കൗണ്‍സില്‍ അംഗമാണ് ഇപ്പോള്‍.

തൃക്കരിപ്പൂര്‍ പഞ്ചായത്ത്, പയ്യന്നൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സിക്രട്ടറിയും എസ്.ടി.യുവിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ആയിട്ടുണ്ട്. തൃക്കരിപൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭാണ സമിതിയില്‍ തുടര്‍ച്ചയായി 10 വര്‍ഷമുണ്ടാവുകയും അതില്‍ 5 വര്‍ഷക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു.

തൃക്കരിപ്പൂര്‍ പ്രസ്സ് ഫോറം പ്രസിഡന്റ്, പയ്യന്നൂര്‍ പ്രസ്സ് ഫോറം സെക്രട്ടറി, ഉടുമ്പുന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. തട്ടില്‍ മൂസ ഹാജിയുടെയും കദീജയുടെയും മൂത്ത മകനായി 1950 ല്‍ വള്‍വക്കാട് പടിഞ്ഞാറെ പുരയിലാണ് ജനനം.
ഭാര്യ: എന്‍.പി. മറിയുമ്മ. മക്കള്‍: മുഹമ്മദലി, നിസാര്‍ (ദുബൈ). ഫാതിമ, റഷീദ. മരുമക്കള്‍ : അബ്ദുള്‍ കാദര്‍ ഉടുമ്പുന്തല, അബ്ദുല്ല വടക്കുമ്പാട്, സഫിയ മാടക്കാല്‍, ബസ് മത്ത് രാമന്തളി. ഇബ്‌റാഹിം (ബി. കെ.എം. ഹോസ്പിറ്റല്‍ പയ്യന്നൂര്‍, പരേതയായ സുഹ്‌റ. ഖബറടക്കം ശനി രാവിലെ 9ന് ഉടുമ്പുന്തല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍