മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് അൻവർ പ്രധാനമന്ത്രിക്ക് പരാതി നല്‍കി. കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇക്കാര്യത്തിൽ ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.
|
ഷാജന് സ്‌കറിയയ്‌ക്കെതിരായ പുതിയ പരാതി വലിയ ഗൗരവമുള്ളതാണ്. വയർലെസ് സന്ദേശം ചോര്‍ത്തുക മാത്രമല്ല അത് യൂ ട്യൂബില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസിന്റെ നീക്കങ്ങളൊക്കെ ഷാജന്‍ ചോര്‍ത്തിയെടുക്കുന്നു. അതുകൊണ്ടാണ് പൊലീസ് മുങ്ങിത്തപ്പിയിട്ടും ഷാജനെ കണ്ടെത്താന്‍ കഴിയാത്തത്.
സുപ്രിംകോടതി വിധിയില്‍ അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് ഷാജന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും ആക്ഷേപവുമായി രംഗത്തെത്തി. മോശം മാധ്യമ പ്രവര്‍ത്തനത്തിന്റെ ഹെഡ് ഓഫീസാണ് ഷാജന്‍ സ്‌കറിയ. ഷാജനെ പിന്തുടര്‍ന്നാണ് തെറ്റായ മാധ്യമ ശൈലി വന്നത്. അത് പൂട്ടേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണ് എന്നും പി വി അന്‍വര്‍ പറഞ്ഞു.
സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് മെസേജുകള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ-മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ മറുനാടന്‍ ഉടമ ഷാജന്‍ സ്‌കറിയയുടെ പക്കലുണ്ടെന്ന് പി വി അന്‍വര്‍ പറയുന്നു. രണ്ട് തവണ സംസ്ഥാന പൊലീസ് സേനയുടെ വയര്‍ലെസ് മെസേജുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് ആ വീഡിയോ കണ്ടെത്തേണ്ടതുണ്ട്.
ഷാജന്റെയും കുടുംബത്തിന്റേയും പാര്‍ട്ണര്‍മാരുടേയും അക്കൗണ്ടുകളിലേക്ക് ധാരാളം വിദേശ പണം വന്നിട്ടുണ്ടെന്നത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍പാകെ ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ‘രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തില്‍ അതീവ രഹസ്യമായ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കമ്യൂണിക്കേഷനുകള്‍ ചോര്‍ത്തുന്ന ഇയാളുടെ പാസ്‌പോര്‍ട്ട് പരിശോധിച്ച് വിദേശ ഇടപാടുകളെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്.
ഇയാളും ബന്ധുക്കളും സഹോദരങ്ങളും ഇടയ്ക്കിടെ വിദേശ യാത്രകള്‍ നടത്തുന്നത് ഇത്തരം വഴികളിലൂടെ ചോര്‍ത്തുന്ന മെസേജുകള്‍ മറ്റിടങ്ങളിലേക്ക് കൈമാറാനാണോ എന്നും സംശയിക്കേണ്ടതുണ്ടെന്നും അൻവർ ചൂണ്ടിക്കാട്ടുന്നു.





