25
Jul 2025
Thu
25 Jul 2025 Thu
Sharjeel Imam

പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ചതിന് ജയിലില്‍ അടക്കപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ഗേവഷണ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം ബിഹാര്‍ നിയമ സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കും. കിഷന്‍ ഗഞ്ജ് ജില്ലയിലെ ബഹാദൂര്‍ ഗഞ്ജ് മണ്ഡലമാണ് പരിഗണിക്കുന്നത്. ബിഹാറിലെ ജെഹാനാബാദ് സ്വദേശിയാണ് ഷര്‍ജീല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ മുഹമ്മദ് അന്‍സാര്‍ നഈമിയാണ് മണ്ഡലത്തിലെ എംഎല്‍എ. ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ ടിക്കറ്റില്‍ ജയിച്ച അദ്ദേഹം പിന്നീട് രാഷ്ട്രീയ ജനതാ ദളിലേക്ക് മാറിയിരുന്നു. ഒക്ടോബറിലോ നവംബറിലോ ആണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

2020 ജനുവരിയില്‍ സിഎഎക്കും എന്‍ആര്‍സിക്കുമെതിരേ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അഞ്ച് സംസ്ഥാനങ്ങളില്‍ ഷര്‍ജീല്‍ ഇമാമിനെതിരേ കേസുണ്ട്. രാജ്യദ്രോഹം, യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അദ്ദേഹത്തിനെതിരേ ചുത്തിയിരുന്നു. 2020 ജനുവരി 28ന് ആണ് ഷര്‍ജീല്‍ ഇമാം ഡല്‍ഹി പോലീസില്‍ കീഴടങ്ങിയത്.

ALSO READ: ഇസ്രായേലി മിസൈല്‍ പ്രതിരോധത്തെ കീറിമുറിച്ച് യമനി ഡ്രോണുകള്‍; മൂന്നിടത്ത് ആഘാതം

സിഎഎക്കെതിരേ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഷര്‍ജീല്‍ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു. ഈ പ്രസംഗം പ്രകോപനപരമാണെന്ന് ആരോപിച്ചാണ് ഡല്‍ഹി, യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് പോലീസ് അദ്ദേഹത്തിനെതിരേ കേസെടുത്തത്.

ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കും 2020 ല്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിനും പ്രചോദനമായത് ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗമാണെന്നും പോലീസ് ആരോപിക്കുന്നു.

മറ്റു പല കേസുകളിലും ജാമ്യം ലഭിച്ചെങ്കിലും ഡല്‍ഹി കലാപ ഗൂഡാലോചനയില്‍ യുഎപിഎ പ്രകാരം എടുത്ത കേസിലാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. കേസ് രണ്ട് വര്‍ഷവും ഒമ്പതു മാസവുമായി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മൂന്ന് വര്‍ഷത്തിനിടെ ഏഴ് വ്യത്യസ്ഥ ബെഞ്ചുകളിലായി 70 തവണ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ വാദം കേട്ടിരുന്നു.

ബോംബെ ഐഐടിയില്‍ നിന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ബിരുദമെടുത്ത ഷര്‍ജീല്‍ ഇമാം അറസ്റ്റിലാവുന്ന സമയത്ത് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്നു. യുഎന്‍ മനുഷ്യാവാകശ പ്രതിനിധികള്‍ ഉള്‍പ്പെടെ ഷര്‍ജീലിന്റെ മോചനത്തിന് വേണ്ടി ആഹ്വാനം ചെയ്തിരുന്നു.

താന്‍ അറസ്റ്റിലായി ഒരു മാസത്തിന് ശേഷം നടന്ന കലാപത്തില്‍ തന്നെ പ്രതിയാക്കിയത് എതിര്‍ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാന്‍ നിലവിലെ ഭരണകൂടം ഏതറ്റംവരെയും പോകുമെന്നതിന് തെളിവാണെന്ന് ഷര്‍ജീല്‍ ഇമാം പറയുന്നു.

ജയിലില്‍ തനിക്കുള്ള ഏക പ്രയാസം വൃദ്ധയും രോഗിയുമായ മാതാവിനെ ഓര്‍ത്തിട്ടാണ്. പിതാവ് ഒമ്പതു വര്‍ഷം മുമ്പ് മരിച്ചതാണ്. താനും ഇളയ സഹോദരനും മാത്രമാണ് അവര്‍ക്ക് ആശ്രയം. ജയിലില്‍ നല്ല പുസ്തകങ്ങള്‍ കൂട്ടുള്ളതിനാല്‍ പുറം ലോകത്ത് നടക്കുന്നതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും ഷര്‍ജീല്‍ ഇമാം പറയുന്നു.