ഇംഫാൽ: മണിപ്പൂരിൽ ഗോത്രവർഗക്കാരായ കുക്കികളും മെയ്‌തേയ് സമുദായവും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ചുരാചന്ദ്പൂരിൽ പുറപ്പെടുവിച്ച കർഫ്യൂ ഭാഗികമായി പിൻവലിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ആണ് കർഫ്യൂ ഭാഗികമായി പിൻവലിച്ചതായി അറിയിച്ചത്. സംഘർഷം അയഞ്ഞ സാഹചര്യത്തിൽ ആളുകൾക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങുന്നതിലേക്കായി ഞായറാഴ്ച രാവിലെ 7 മുതൽ 10 വരെ കർഫ്യൂ പിൻവലിച്ചതായാണ് ഉത്തരവ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ രണ്ട് മണിക്കൂർ കർഫ്യൂവിന് ഇളവ് നൽകിയിരുന്നു.
|
”സംസ്ഥാന സർക്കാരും വിവിധ തല്പരകക്ഷികളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം, ചുരാചന്ദ്പൂർ ജില്ലയിൽ ക്രമസമാധാന നില മെച്ചപ്പെടുന്ന സാഹചര്യത്തിൽ കർഫ്യൂ ഭാഗികമായി പിൻവലിക്കുന്നതിൽ സന്തോഷമുണ്ട്’- വിജ്ഞാപനത്തിന്റെ പകർപ്പ് പങ്കിട്ടുകൊണ്ട് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാത്രി ട്വീറ്റ് ചെയ്തു.
മെയ് മൂന്ന് മുതലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്ന കലാപത്തിൽ 54 ഓളം പേർ കൊല്ലപ്പെടുകയും ഇതുവരെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. നിലവിലെ ക്രമസമാധാന നില വിലയിരുത്തി തുടർന്നുള്ള ഇളവുകൾ അവലോകനം ചെയ്യുകയും അറിയിക്കുകയും ചെയ്യുമെന്ന് ചുരാചന്ദ്പൂർ ജില്ലാ മജിസ്ട്രേറ്റ് ശരത് ചന്ദ്ര അരോജു പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞു.
അതേസമയം, സംഘർഷത്തിൽ ബിജെപിയെ വിമർശിച്ച് രംഗത്തുവന്ന കോൺഗ്രസ് നേതാവ് ശശി തരൂർ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ”മണിപ്പൂരിലെ അക്രമം നിലനിൽക്കുന്നതിനാൽ, ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്ന ഏറെ കൊട്ടിഘോഷിച്ച സദ്ഭരണത്തിന് എന്ത് സംഭവിച്ചുവെന്ന് ശരിയായ ചിന്താഗതിക്കാരായ എല്ലാ ഇന്ത്യക്കാരും സ്വയം ചോദിക്കണം. മണിപ്പൂരിലെ വോട്ടർമാർ കടുത്ത വഞ്ചന അനുഭവിക്കുകയാണ്. രാഷ്ട്രപതി ഭരണത്തിന് സമയമായി; അവർ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാർ ക്രമസമാധാനപാലനത്തിൽ പോലും പരാജയപ്പെട്ടു, അദ്ദേഹം ട്വീറ്റ് ചെയ്തു.





