18
Jan 2024
Mon
18 Jan 2024 Mon

പ്രതിപക്ഷം ബഹിഷ്‌കരിച്ചു; ബംഗ്ലാദേശില്‍ ശൈയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍, രേഖപ്പെടുത്തിയത് 40 % പോളിങ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ധാക്ക: പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണ, ദേശീയ പൊതു പണിമുടക്ക് ആഹ്വാനങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ശൈയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍.
തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(BNP)യുള്‍പ്പെടെയുള്ള മുഖ്യ കക്ഷികള്‍ വിട്ടുനിന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റുകളും ഹസീനയുടെ ബംഗ്ലാദേശ് അവാമി ലീഗ് വിജയിച്ചു. ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 1986നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്.

ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത് തെരഞ്ഞെടുപ്പില്‍ പോളിങ് കുറച്ചു. 40 ശതമാനം മാത്രമാണ് വോട്ടിങ് ശതമാനം. 2018ലെ തിരഞ്ഞെടുപ്പില്‍ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. തെരഞ്ഞെടുപ്പ് സുതാര്യതയില്ലെന്നും നിഷ്പക്ഷമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷകക്ഷികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്തത്. പ്രതിപക്ഷനേതാവും BNP അധ്യക്ഷയുമായ ഖാലിദ സിയ ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷനേതാക്കള്‍ ജയിലിലുമാണ്. വോട്ടെടുപ്പിനോടനുബന്ധിച്ച് പ്രതിപക്ഷം ആഹ്വാനംചെയ്ത 48 മണിക്കൂര്‍ സമയത്തെ പണിമുടക്ക് ഇന്നലെ അവസാനിച്ചു. നിയമവിരുദ്ധ സര്‍ക്കാര്‍ രാജിവയ്ക്കുക, നിഷ്പക്ഷ സര്‍ക്കാര്‍ രൂപീകരിച്ച് തെരഞ്ഞെടുപ്പ് നടത്തുക, പ്രതിപക്ഷ നേതാക്കളെയും പ്രവര്‍ത്തകരെയു മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

രാജ്യത്തെ 300 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 299 എണ്ണത്തിലായിരുന്നു വോട്ടെടുപ്പ്. രാവിലെ തുടങ്ങിയ പോളിങ് വൈകീട്ട് നാലിന് അവസാനിച്ചതിന് പിന്നാലെ തന്നെ വോട്ടെണ്ണലും തുടങ്ങി. പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനാല്‍ ശൈഖ് ഹസീനക്ക് ഈസി വാക്കോവര്‍ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. രാജ്യം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്ന് ഹസീന പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.