04
Feb 2024
Thu
04 Feb 2024 Thu

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കട്ടപ്പന പോക്‌സോ കേസ് വെറുതെവിട്ടത് കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. പൊലീസിനും പ്രോസിക്യൂഷനുമെതിരായ വലിയ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കേസ് അന്വേഷിച്ച വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ ടി ഡി സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. സുനില്‍കുമാറിനെതിരേ വകുപ്പ് തല അന്വേഷണത്തിനും നിര്‍ദേശമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം റൂറല്‍ എഎസ്പിക്കാണ് അന്വേഷണച്ചുമതല. രണ്ടുമാസമാണ് അന്വേഷണറിപോര്‍ട്ട് സമര്‍പ്പിക്കാന്‍ എഎസ്പിക്ക് നല്‍കിയിരിക്കുന്ന കാലാവധി. സണ്ണി ജോസഫ് എംഎല്‍എ വിഷയവുമായി ബന്ധപ്പെട്ട് സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിരുന്നു.

പ്രതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിയുടെ രാഷ്ട്രീയ നിലപാട് സര്‍ക്കാരിനെ സ്വാധീനിക്കില്ലെന്നും വിഷയത്തില്‍ വകുപ്പുതല പരിശോധന തുടരുകയാണെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടി ഡി സുനില്‍കുമാറിനു സസ്‌പെന്‍ഷനും വകുപ്പുതല അന്വേഷണ ഉത്തരവും ഉണ്ടായിരിക്കുന്നത്.

പെണ്‍കുട്ടി കൊല്ലപ്പെട്ട ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായിരുന്നു കേസില്‍ പിടിയിലായ പ്രതി അര്‍ജുന്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു ഇയാള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക