തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ(എസ്‌ഐആര്‍)ഭാഗമായി സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ആദ്യഘട്ട വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലാണ് ബൂത്ത് തിരിച്ചുള്ള പട്ടിക പ്രതിസിദ്ധീകരിച്ചത്. https://www.ceo.kerala.gov.in/asd-list എന്ന ലിങ്ക് മുഖേന വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും.
|
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 18ന് അവസാനിക്കാനിരിക്കെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലൂടെ ഒഴിവാക്കപ്പെടുന്നവരുടെ വിവരങ്ങള്‍ പങ്കുവച്ചത്. ഇന്നലെ വൈകിട്ട് ആറു മണിവരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 2,78,32,269 ആയി ഉയര്‍ന്നു. ഇത് ആകെ ഫോമുകളുടെ 99.93% ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. തിരികെ ലഭിക്കാത്ത ഫോമുകളുടെ എണ്ണം 25,08,267 ആയി. മരണപ്പെട്ടവര്‍, ഇതുവരെ കണ്ടെത്താന്‍ കഴിയാത്തവര്‍, സ്ഥിരമായി താമസം മാറി പോയവര്‍ ഉള്‍പ്പടെയുള്ളവരെയാണ് ബിഎല്‍ഒമാര്‍ ഈ വിഭാഗത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്ക് തുറന്ന ശേഷം നിങ്ങളുടെ ജില്ലയും നിയമസഭാ മണ്ഡലവും നല്‍കിയാല്‍ പോളിങ് ബൂത്തുകളുടെ പേരുകള്‍ ലഭിക്കും. ഇവിടെ നിന്നും ബൂത്തുകള്‍ തിരഞ്ഞെടുത്താല്‍ ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ഡൗണ്‍ലോഡ് ചെയ്യാനാവും.
ALSO READ: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപിയുടെ നിയുക്ത വാര്‍ഡ് കൗണ്‍സിലര്‍ക്ക് 36 വര്‍ഷം തടവ് ശിക്ഷ





