25
Nov 2025
Wed
25 Nov 2025 Wed
Mamata banerjee behind in Bhabanipur

എസ്‌ഐആറുമായി ബംഗാളില്‍ ബിജെപി കളിക്കാന്‍ വന്നാല്‍ കളി പഠിപ്പിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അയല്‍ സംസ്ഥാനത്ത് ബിജെപിയുടെ ‘കളി’ അറിയാമെന്നും ബംഗാളില്‍ അത് നടക്കില്ലെന്നും ബിഹാറിലെ എസ്‌ഐആര്‍ പരിഷ്‌കരണം ചൂണ്ടിക്കാണിച്ച് മമത പറഞ്ഞു. ബംഗാളില്‍ തന്നെയോ തന്റെ ആളുകളെയോ ലക്ഷ്യം വച്ചാല്‍ രാജ്യവ്യാപകമായി തെരുവിലിറങ്ങി ഇളക്കിമറിക്കുമെന്നും മമത ബാനര്‍ജി ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ബംഗാളില്‍ നിങ്ങള്‍ എന്നെ ലക്ഷ്യം വച്ചാല്‍, എന്റെ ജനങ്ങള്‍ക്കെതിരായ ഏതൊരു ആക്രമണത്തെയും വ്യക്തിപരമായ ആക്രമണമായി ഞാന്‍ കണക്കാക്കിയാല്‍, ഞാന്‍ മുഴുവന്‍ രാജ്യത്തെയും പിടിച്ചുകുലുക്കും. തിരഞ്ഞെടുപ്പിന് ശേഷം ഞാന്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കും’ എന്നായിരുന്നു മമതയുടെ പ്രതികരണം. ഒരു പേര് പോലും ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ മമത ഭയപ്പെടേണ്ടതില്ലെന്ന് ജനങ്ങളെ ആഹ്വാനം ചെയ്തു. ബോംഗാവില്‍ നടന്ന എസ്ഐആര്‍ വിരുദ്ധ റാലിയില്‍ സംസാരിക്കവെയായിരുന്നു മമതയുടെ പ്രതികരണം.

ALSO READ: എസ്‌ഐആര്‍ ഫോം പൂരിപ്പിക്കാനെത്തിയ വോട്ടര്‍ സംശയം ചോദിച്ചു; മുണ്ടു പൊക്കിക്കാണിച്ച് ബിഎല്‍ഒ; ഇടപെട്ട് കലക്ടര്‍

പ്രത്യേക സമുദായങ്ങളെ ലക്ഷ്യം വെച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ബിജെപി കൃത്രിമം കാണിച്ചതായും മമത ആരോപിച്ചു. ബിജെപിക്ക് ഈ കളിയില്‍ എന്നെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയ മമത പശ്ചിമ ബംഗാളിലെ വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധതയും ആവര്‍ത്തിച്ചു. സര്‍ക്കാര്‍ ഏജന്‍സികളെയോ സംവിധാനങ്ങളെയോ ഉപയോഗിച്ചാലും ബിജെപിയുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും മമത മുന്നറിയിപ്പ് നല്‍കി.

പൗരത്വ ഭേദഗതി നിയമത്തിലുള്ള ബിജെപി നിലപാടിനെയും മമത രൂക്ഷമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ മാത്രമാണ് മതത്തെ അടിസ്ഥാനമാക്കി ഫോമുകള്‍ വിതരണം ചെയ്യുന്നതെന്നും മമത ആരോപിച്ചു. ‘ഇപ്പോള്‍ അവര്‍ സിഎഎയെക്കുറിച്ച് ആക്രോശിക്കുകയും മതത്തെ അടിസ്ഥാനമാക്കിയുള്ള ഫോമുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പ് വന്നതുകൊണ്ടാണെന്നാ’യിരുന്നു മമതയുടെ പ്രതികരണം.

റാലിയില്‍ പങ്കെടുക്കുന്നത് തടയാന്‍ തന്റെ ഹെലികോപ്റ്റര്‍ റദ്ദാക്കിയെന്നും മമത ആരോപിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗമായിരുന്നു മമത ബോംഗാവില്‍ എത്തിയത്.