25
Nov 2025
Wed
25 Nov 2025 Wed
sir work pressure

തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദം ഒരു ഉദ്യോഗസ്ഥന്റെ കൂടി ജീവനെടുത്തു. ഉത്തര്‍പ്രദേശിലാണ് എസ്ഐആര്‍ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വീണ്ടും ആത്മഹത്യ നടന്നത്. ബിഎല്‍ഒ ആയ ഫത്തേപൂര്‍ സ്വദേശി സുധീര്‍ കുമാറാണ് ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുധീര്‍കുമാറിന്റെ വിവാഹം നാളെ നടക്കാന്‍ ഇരിക്കെ അവധി നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.

ജഹാംഗാബാദില്‍ എസ്ഐആര്‍ ആയി ജോലി ചെയ്യുകയായിരുന്നു സുധീര്‍ കുമാര്‍. ഒന്നര വര്‍ഷം മുമ്പാണ് സുധീറിനെ ലേക്പാലായി നിയമിച്ചത്. എസ്ഐആര്‍ ജോലിയുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹം.

ബിന്ദ്കി കോട്വാലിയിലെ ഖജുഹ പട്ടണത്തിലാണ് സുധീര്‍ കുമാര്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ആറ് മാസം മുമ്പ് അടുത്തുള്ള ഗ്രാമമായ സീതാപൂരില്‍ താമസിക്കുന്ന രഘുനന്ദന്റെ മകള്‍ കാജലുമായി സുധീറിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. നാളെ വിവാഹം നാടക്കാന്‍ ഇരിക്കെയാണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.

എസ്‌ഐആര്‍: യുപിയില്‍ രണ്ടാമത്തെ ആത്മഹത്യ

ഇന്നലെ രാവിലെ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ആയ അധ്യാപകന്‍ വിപിന്‍ യാദവ് ജീവനൊടുക്കിയിരുന്നു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇയാള്‍ ലഖ്നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വച്ചാണ് മരിച്ചത്.

വിപിന്റെ മരണത്തിന് ശേഷം വിപിന്റെ ഭാര്യ സീമ യാദവ് റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അതില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ ജോലിയുമായി ബന്ധപ്പെട്ട് താരബ്ഗഞ്ച് എസിഡിഎം, നവാബ്ഗഞ്ച് ബിഡിഒ, ഒരു പ്രാദേശിക ലേക്പാല്‍ എന്നിവരില്‍ നിന്ന് തനിക്ക് നിരന്തരമായ സമ്മര്‍ദ്ദമുണ്ടായിയെന്നും വിപിന്‍ ആരോപിക്കുന്നുണ്ട്.