ഗ്വാളിയോര്‍: ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്തില്‍ നിന്ന് യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച് സൈനികന്‍. മദ്യലഹരിയിലായിരുന്നു സൈനികന്റെ അതിക്രമം. ഗോണ്ട്വാന എക്‌സ്പ്രസ് ട്രെയിനിലെ എ സി കോച്ചില്‍ വച്ച് കഴിഞ്ഞദിവസമാണ് സംഭവം. അതിക്രമത്തിനിരയായ യുവതി സംഭവത്തെക്കുറിച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് വിവരം നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. ഇതിനു പിന്നാലെ യുവതി പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും പരാതി നല്‍കി.
|
ഹസ്‌റത് നിസാമുദ്ദീനില്‍ നിന്ന് ഛത്തീസ്ഗഡിലേക്ക് കുഞ്ഞിനൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി. ട്രെയിന്‍ ഗ്വാളിയോര്‍ എത്തുന്നതിനു മുമ്പായാണ് ബെര്‍ത്തില്‍ നിന്ന് സൈനികന്‍ യുവതിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചത്. ആര്‍പിഎഫിനെ വിവരമറിയിക്കുകയും എസി കോച്ചില്‍ കയറി മദ്യലഹരിയില്‍ മൂത്രമൊഴിച്ചുനനഞ്ഞ പാന്റ്‌സ് ധരിച്ചു നില്‍ക്കുന്ന സൈനികനെ കണ്ടിട്ടും ഇവര്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായതുമില്ലെന്ന് യുവതി പറയുന്നു. ഇതേ തുടര്‍ന്നാണ് യുവതി പ്രധാനമന്ത്രിക്കടക്കം പരാതി നല്‍കിയത്.
അതേസമയം തങ്ങള്‍ ചെല്ലുമ്പോള്‍ മദ്യലഹരിയില്‍ ഉറങ്ങിക്കിടക്കുന്ന സൈനികനെയാണ് കണ്ടതെന്നും പരാതി നല്‍കിയ യാത്രക്കാരിയെ കണ്ടില്ലെന്നുമാണ് ആര്‍പിഎഫിന്റെ വിശദീകരണം.





