01
Dec 2023
Sun
01 Dec 2023 Sun

ഗാസിയാബാദ്: മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് മാതാവിനെ കുത്തിക്കൊന്ന് 24കാരൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ അമൻ ഗാർഡൻ ഏരിയയിലാണ് സംഭവം. സംഭവത്തിൽ ഷാരൂഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 65കാരിയായ ദിൽഷാദ് ബീഗമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാരൂഖ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. ലഹരി വസ്തുക്കൾ വാങ്ങാൻ പണം ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വഴക്കിന് ശേഷം ഉറങ്ങാൻ കിടന്ന മാതാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് രക്തം തളം കെട്ടിനിന്ന തറ വൃത്തിയാക്കാനും പ്രതി ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് ഷാരൂഖ് പൊലീസ് സ്റ്റേഷനിലെത്തി മാതാവിനെ കൊലപ്പെടുത്തിയതായി പറയുന്നത്. തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന മാതാവിനെയാണ് കാണുന്നത്. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സൂര്യബാലി മൗര്യ പറഞ്ഞു.

ഷാരൂഖ് മെക്കാനിക്കായി ജോലി നോക്കിയിരുന്നെങ്കിലും നിലവില്‍ തൊഴില്‍ രഹിതനാണ്. ഷാരൂഖിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ലോണി സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ രാജ്പൂത് പറഞ്ഞു.