ഹൈദരാബാദ്: പ്രമുഖ സിനിമാ നടി സൗന്ദര്യയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൗതുപ്രവര്‍ത്തകന്‍. സൗന്ദര്യയുടേത് അപകട മരണമല്ലെന്നും നടന്‍ മോഹന്‍ ബാബു ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു എന്നുമാണ് പരാതി. സൗന്ദര്യ മരിച്ച് 21 വര്‍ഷമാവുമ്പോഴാണ് വെളിപ്പെടുത്തല്‍.
|
നടിയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ചിട്ടിമല്ലു എന്നയാള്‍ ആന്ധ്രയിലെ ഖമ്മം എസിപിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ചിട്ടിമല്ലുവിന്റെ പരാതി.
2004 ഏപ്രില്‍ 17നായിരുന്നു സൗന്ദര്യ വിമാനാപകടത്തില്‍ മരിക്കുന്നത്. ബെംഗളൂരുവില്‍നിന്ന് ഹൈദരാബാദിലെ കരിംനഗറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ചെറുവിമാനം അപകടത്തില്‍പ്പെട്ടത്.
ALSO READ: ഗാന്ധിഭവന് വീണ്ടും യൂസഫലിയുടെ റമദാന്‍ സമ്മാനം; കൈമാറിയത് ഒരു കോടി രൂപ
സൗന്ദര്യയും സഹോദരനും പ്രാദേശിക ബിജെപി നേതാവുമുള്‍പ്പെടെ നാലു പേരാണ് അപകടത്തില്‍ മരിച്ചത്. ബിജെപിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു ദുരന്തം. ഇതുവരെ സ്വാഭാവിക വിമാനാപകടം എന്ന് വിശ്വസിച്ചുപോന്ന സംഭവത്തിലാണ് ഇപ്പോള്‍ കൊലപാതകമെന്ന ആരോപണം ഉയരുന്നത്.
സൗന്ദര്യക്കും സഹോദരനും ആന്ധ്രാപ്രദേശില്‍ ആറേക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് തട്ടിയെടുക്കാന്‍ മോഹന്‍ബാബു ശ്രമിച്ചെന്നും എന്നാല്‍ ഇരുവരും ഇത് വിട്ടുനല്‍കാന്‍ തയാറായില്ലെന്നും ഇതാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പരാതി.
ഇരുവരുടെയും മരണശേഷം മോഹന്‍ബാബു ഈ ഭൂമി എഴുതിവാങ്ങിയതായും ഇത് തിരിച്ചെടുത്ത് പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.
അതേ സമയം, നടന്‍ മോഹന്‍ ബാബുവുമായി നീണ്ട കാലത്തെ സൗഹൃദമാണെന്നും തന്റെ അറിവില്‍ ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നില്ലെന്നും സൗന്ദര്യയുടെ ഭര്‍ത്താവ് രഘു ജി എസ് പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാര്‍ത്താ കുറിപ്പിലൂടെയാണ് പ്രതികരണം.
കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട സൗന്ദര്യ ജയറാമിനൊപ്പം യാത്രക്കാരുടെ ശ്രദ്ധയ്ക്ക് (2002), മോഹന്‍ലാലിനും ശ്രീനിവാസനുമൊപ്പം കിളിച്ചുണ്ടന്‍ മാമ്പഴം (2003) എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.





