ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരായ മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയില്‍ പ്രതിഷേധം തുടരുന്നതിനിടെ, ബിജെപിയെ കടന്നാക്രമിച്ചും മകനെ പിന്തുണച്ചും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തെറ്റുകള്‍ മറച്ചു വെക്കാന്‍ ബിജെപി മതത്തെ ആയുധമാക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചപ്പോള്‍ തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സംവാദത്തിന് തയാറാണെന്നും ഉദയനിധിയും പറഞ്ഞു.
|
രാജ്യത്തിന്റെ ഘടനയില്‍ വിഘാതമുണ്ടാക്കാനും ഐക്യബോധം തകര്‍ക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങളുടെ മതവികാരത്തിന്റെ തീ ആളിക്കത്തിച്ച് അതില്‍ നിന്ന് ചൂടുകായാനാണ് ബിജെപിയുടെ ശ്രമം. വര്‍ഗീയവാദത്തിന്റെ തീ മണിപ്പൂരിനെയാകെ ചുട്ടെരിച്ചു. മതഭ്രാന്ത് മൂലം ഹരിയാനയില്‍ നിഷ്‌കളങ്കരുടെ ജീവനും സ്വത്തും അപഹരിക്കപ്പെടുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
2002 ലെ ഗുജറാത്ത് കലാപത്തെയും സ്റ്റാലിന്‍ പരാമര്‍ശിച്ചു. 2002 ല്‍ ഗുജറാത്തില്‍ വിതച്ച വിദ്വേഷമാണ് മണിപ്പൂരിലും ഹരിയാനയിലും സംഘര്‍ഷമായി മാറിയത്. 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ അധികാരത്തില്‍ വരേണ്ടതുണ്ട്. ഇല്ലെങ്കില്‍ മണിപ്പൂരും ഹരിയാനയും രാജ്യത്താകെ പടരും. ആര് അധികാരത്തില്‍ വരണം എന്നതിനേക്കാള്‍ ആര് വരാന്‍ പാടില്ല എന്നതാണ് 2024 ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രധാന പ്രാധാന്യമെന്നും സ്റ്റാലിന്‍ പറഞ്ഞു.
അതേസമയം തന്റെ പ്രസ്താവന വളച്ചൊടിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി ഉദയനിധി സ്റ്റാലിന്‍ രംഗത്തുവന്നു. തനിക്കെതിരെ എന്ത് കേസ് എടുത്താലും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. എനിക്കെതിരെ അവര്‍ എന്ത് കേസ് നല്‍കിയാലും നേരിടാന്‍ തയാറാണ്. ബിജെപി ‘ഇന്ത്യ’ സഖ്യത്തെ ഭയക്കുന്നു. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം. സനാതന ധര്‍മത്തെ മാത്രമാണ് വിമര്‍ശിച്ചത്. ബിജെപി പ്രസ്താവനയെ വളച്ചൊടിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. സനാതന ധര്‍മത്തെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണമെന്ന് വീണ്ടും പറയുന്നു. ഇത് തുടര്‍ച്ചയായി പറയും. ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോള്‍ അതിനര്‍ഥം കോണ്‍ഗ്രസുകാരെ കൊല്ലണമെന്നാണോ?. എല്ലാവരും തുല്യരാകണം. പ്രസ്താവനയെ വളച്ചൊടിക്കലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കലും ബിജെപിയുടെ പതിവ് ജോലിയാണെന്നും ഉദയനിധി ആരോപിച്ചു.
തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം ചെന്നൈയില്‍ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് സംഘ്പരിവാറിന്റെ സനാതനധര്‍മത്തെ പിഴുതുകളയണമെന്ന് സ്റ്റാലിന്റെ മകനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വവും അനീതിയും വളര്‍ത്തുന്ന സനാതനധര്‍മം സാമൂഹികനീതിയെന്ന ആശയത്തിന് വിരുദ്ധമാണ്. കൊതുകിനെയും മലമ്പനിയെയും കോവിഡിനെയും ഡെങ്കിപ്പനിയെയും എതിര്‍ത്തതുകൊണ്ട് കാര്യമില്ല, അവയെ ഉന്മൂലനംചെയ്യുകയാണ് വേണ്ടത്. സനാതനധര്‍മവും അതുപോലെയാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.





