30
Jun 2023
Fri
30 Jun 2023 Fri

ഭോപാൽ: ഇരുചക്രവാഹനത്തിലെത്തിയ രണ്ടു വിദ്യാർഥികൾ അധ്യാപകനെ വിളിച്ചുവരുത്തിയശേഷം വെടിവച്ചുവീഴ്ത്തി. മധ്യപ്രദേശിലാണ് സംഭവം. കോച്ചിങ് സെന്ററിലെ ഫീസ് കുടിശ്ശിക ചോദിച്ചതിനാണ് രണ്ടുവിദ്യാർഥികൾ അധ്യാപകനെ ആക്രമിച്ചത്. മൂന്നുവർഷം മുമ്പുള്ള ട്യൂഷൻ ഫീസ് വിദ്യാർഥികൾ നൽകിയിരുന്നില്ല. ഇതു ചോദിച്ചതാണ് പ്രകോപന കാരണമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോറിന ജില്ലയിലെ ജൗര റോഡ് മേഖലയിലെ കോച്ചിങ് സെന്റർ നടത്തിപ്പുകാരനായ ​ഗിർവാർ സിങ് ആണ് ആക്രമിക്കപ്പെട്ടത്. കോച്ചിങ് സെന്ററിനു പുറത്ത് ബൈക്കിലെത്തിയ രണ്ടു വിദ്യാർഥികൾ തങ്ങളുടെ പൂർവ അധ്യാപകനായ ​ഗിർവാർ സിങ്ങിനെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരുമായി സംസാരിച്ചുനിൽക്കുന്നതിനിടെ ബൈക്കിന്റെ പിന്നിലിരുന്ന കുട്ടി നാടൻ തോക്ക് പുറത്തെടുത്ത് അധ്യാപകനെ വെടിവയ്ക്കുകയായിരുന്നു. സിങ്ങിന്റെ വയറിലാണ് വെടിയേറ്റത്.

മൂന്നുവർഷം മുമ്പ് സിങ്ങിന്റെ കോച്ചിങ് സെന്ററിൽ പ്ലസ് ടു പഠിച്ചവരാണ് അക്രമികളെന്ന് പൊലീസ് പറഞ്ഞു. അന്ന് നൽകാനുള്ള ട്യൂഷൻ ഫീസ് സിങ് ഇടയ്ക്ക് ഒന്നുരണ്ടുതവണ വിദ്യാർഥികളോട് ചോദിച്ചിരുന്നു. ഇതിലുള്ള പക മൂലമാണ് ഇരുവരും സിങ്ങിനെ വെടിവയ്ക്കാൻ തീരുമാനിച്ചത്. വെടിയേറ്റ സിങ്ങിനെ സമീപ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് ​ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് അധ്യാപകനെ കൊണ്ടുപോയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറന്നുവന്നിരുന്നു.