01
Aug 2023
Fri
01 Aug 2023 Fri

ചണ്ഡീഗഢ്: ഹരിയാന നൂഹിലെ വർഗീയ സംഘർഷത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ-വിദ്വേഷ ആരോപണവുമായി പ്രകോപനപര പോസ്റ്റിട്ട സുദർശൻ ന്യൂസ് എഡിറ്റർ അറസ്റ്റിൽ. ചാനൽ മാനേജിങ് എഡിറ്റർ മുകേഷ് കുമാറിനെയാണ് ഗുരുഗ്രാം സൈബർ സ്റ്റേഷൻ ഈസ്റ്റ് പൊലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നൂഹിലും അയൽ ജില്ലകളിലും വർഗീയ സംഘർഷം രൂക്ഷമായതിനു പിന്നാലെയായിരുന്നു മുകേഷിന്റെ പ്രകോപനപരമായ പോസ്റ്റ്. ഹിന്ദുക്കൾക്കെതിരെ നടപടിയെടുക്കാൻ ഖത്തർ ചാനൽ അൽജസീറ ഗുരുഗ്രാം പൊലീസിനുമേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നായിരുന്നു ഇയാൾ ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ആഗസ്റ്റ് എട്ടിനാണ് പോസ്റ്റിട്ടത്.

അൽജസീറ ഗുരുഗ്രാം പൊലീസിനെ വിളിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും ട്വീറ്റിൽ ആരോപിച്ചു. ഹിന്ദുക്കൾക്കെതിരെ നടപടിയെടുക്കാനുള്ള സമ്മർദ നീക്കമാണിത്. ഇതിനുശേഷം ഗുരുഗ്രാം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വലിയ സമ്മർദത്തിലാണെന്നും കണ്ടിടത്തുനിന്നെല്ലാം ഹിന്ദു പ്രവർത്തകരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയാണെന്നും ഹരിയാന മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് മുകേഷ് കുമാർ ട്വീറ്റ് ചെയ്തു.

അതേസമയം, ഗുരുഗ്രാം സെക്ടർ 17ൽ നിന്ന് മുകേഷിനെ കാറിൽ നിന്ന് ഒരുസംഘം ആയുധധാരികൾ തട്ടിക്കൊണ്ടുപോയെന്ന് സുദർശൻ ന്യൂസ് ആരോപിച്ചു. വർഷങ്ങളായി ഹിന്ദുക്കളുടെ ശബ്ദം ഉയർത്തിക്കൊണ്ടിരിക്കുന്നയാളാണ് മുകേഷ് എന്നും മേവാത്തിലെ അക്രമങ്ങൾ രാജ്യത്തിനു മുൻപിൽ പുറത്തുകൊണ്ടുവന്നയാളാണെന്നും ചാനൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.