
ഇന്ത്യ എന്ന രാഷ്ട്രത്തെ അടിസ്ഥാനപരമായി നിലനിര്‍ത്തുന്നതെന്തോ, അത് തന്നെയാണ് ഒരു പുതിയ സ്വതന്ത്രരാജ്യത്തിന്റെ ആശയം എന്നും, ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇന്ത്യ എന്ന ആശയത്തിലാണതെന്നും പ്രശസ്ത സാഹിത്യകാരിയും ‘ഇന്ത്യ എന്ന ആശയം’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ സുധ മേനോന്‍ കെ.എല്‍.എഫ് വേദിയില്‍ പറഞ്ഞു.
![]() |
|
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം പി. സി. വിഷ്ണുനാഥുമായി നടന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ചരിത്രവും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ യാതനകളും സംഭാവനകളും ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ തൊഴിലാളികളുടെ ശബ്ദം ഇന്ത്യയുടെ ശബ്ദമാക്കി മാറ്റിയത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയാണെന്നും അദ്ദേഹം ഉള്ളത് കൊണ്ടാണ് ഇന്ത്യ എന്ന ആശയം തകരാതിരുന്നതെന്നും സുധ മേനോന്‍ പങ്കുവച്ചു.
വൈവിധ്യങ്ങള്‍ ചേര്‍ന്ന രാജ്യമായ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ നിരവധി രക്തസാക്ഷികളെ നമ്മള്‍ അറിയാതെ പോകുന്നുവെന്നും അവരുടെ ത്യാഗത്തെ അപമാനിക്കാതെ ഗൗരവത്തോടെ കാണണമെന്നും സുധ മേനോന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടിയ വ്യക്തികളെ ഓര്‍മിച്ചും അവരുടെ പ്രധാന്യത്തെ എടുത്തു പറഞ്ഞും പി സി വിഷ്ണുനാഥ് ചര്‍ച്ച അവസാനിപ്പിച്ചു.
ALSO READ: കഥകളും പാട്ടുമായി പ്രകാശ് രാജ് കെഎൽഎഫിൽ