
ബെന്യാമിന്റെ ‘മഞ്ഞവെയില്‍ മരണങ്ങള്‍’, ടി.ഡി രാമചന്ദ്രന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ എന്നീ കൃതികളുടെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കാനുള്ള കാരണത്തെക്കുറിച്ച് കെഎല്‍എഫില്‍ ചര്‍ച്ച ചെയ്തു. മലയാളത്തിലെ പ്രിയ എഴുത്തുകാരായ ബെന്യാമിന്‍, ടി.ഡി രാമകൃഷ്ണന്‍, വി.ജെ ജെയിംസ് എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
![]() |
|
കച്ചവട മുതലാളിത്തത്തിന്റെ കടന്നുവരവില്‍ സമൂഹത്തിലുടലെടുത്ത വെല്ലുവിളികളും മറ്റു പ്രശ്‌നങ്ങളും അഭിസംബോധന ചെയ്യുന്ന ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ എന്ന തന്റെ നോവല്‍ എഴുതുമ്പോള്‍, രണ്ടാം ഭാഗം എന്നൊരു സാധ്യതയേക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്ന് ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു.
സമകാലിക സാഹചര്യത്തില്‍ പുതിയ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം ഭാഗമായ ‘കോരപ്പാപ്പനു സ്തുതി’ എത്രയും പെട്ടന്നുതന്നെ വായനക്കാര്‍ക്ക് മുന്നില്‍ എത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
മഞ്ഞവെയില്‍ മരണത്തിന്റെ രണ്ടാം ഭാഗം എപ്പോള്‍ വരുമെന്ന വി. ജെ ജെയിംസിന്റെ ചോദ്യത്തിന്, രണ്ടാം ഭാഗം എഴുതുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നും പാല്‍മയിലേക്കുള്ള യാത്രയില്‍ വച്ചു ഒരു മലയാളിയെ കാണാനിടയായ സംഭവം, തന്നെ രണ്ടാം ഭാഗമെഴുതുവാന്‍ പ്രേരിപ്പിച്ചു എന്നും ബെന്യാമിന്‍ മറുപടി നല്‍കി. യാത്രകള്‍ സംസ്‌ക്കാര രൂപീകരണത്തേയും സാമൂഹിക പരിണാമങ്ങളെയും എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്നും മനുഷ്യന്റെ സഞ്ചാരങ്ങളെ സംബന്ധിച്ചുള്ള തന്റെ അറിവുകളും വിചാരങ്ങളും പങ്കുവയ്ക്കാന്‍ മഞ്ഞവെയില്‍ മരണത്തിലൂടെ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.