
കോഴിക്കോട്: കെഎൽഎഫ് വേദിയിൽ കുട്ടിത്തം നിറച്ച് പ്രകാശ് രാജ്. വിവിധ സ്കൂളുകളിൽ നിന്നെത്തിയ കുട്ടികളോടൊപ്പം കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും പ്രകാശ് രാജ് കെഎൽഎഫിന്റെ രണ്ടാം ദിനത്തിന് ആരംഭം കുറിച്ചു. ആമയുടെയും കൊക്കിന്റെയും കഥയാണ് പ്രകാശ് രാജ് ആദ്യം പറഞ്ഞത്. കഥയുടെ അവസാനം ജല മലിനീകരണത്തിന്റെ പ്രശ്നം ഉന്നയിച്ചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും അദ്ദേഹത്തിനായി.
![]() |
|
സാമൂഹിക മാധ്യമങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം കുറയുന്നതിനെക്കുറിച്ചുയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി, വീടുകളിൽ കുട്ടികൾക്കായി ഗ്രന്ഥശാലകൾ ഒരുക്കണമെന്നും അവരോടൊപ്പം ഇരുന്ന് വായിക്കാനും കഥകൾ പറഞ്ഞു കൊടുക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. അഞ്ചു വയസ്സ് പ്രായമായ തന്റെ മകനുമായി ചേർന്ന് ‘അഭിയും നാനും’ എന്ന ചിത്രത്തിലെ രഘു എന്ന കഥാപാത്രത്തെ സൃഷ്ടിച്ച അനുഭവവും അദ്ദേഹം പങ്കുവച്ചു.
മുതിർന്നവർക്കും കുട്ടികൾക്കും വേർതിരിച്ചുള്ള സെഷനുകൾ സംഘടിപ്പിക്കുന്നത് നല്ലതാണെന്നും അങ്ങനെ ചെയ്താൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് അവർക്ക് മനസ്സിലാകുന്ന രീതിയിൽ മറുപടി നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.