15
Jan 2025
Wed
15 Jan 2025 Wed
Ma Literature festival will start tomorrow at Malappuram

മലപ്പുറം: മലപ്പുറത്തിന്റെ വൈവിധ്യങ്ങൾ ആഘോഷമാക്കാൻ “മ – ലൗ, ലെഗസി, ലിറ്ററേച്ചർ” എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൾച്ചർ ആന്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളിൽ മലപ്പുറത്ത് നടക്കും. അറുപതോളം സെഷനുകളിലായി സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമായി രാഷ്ട്രീയ സംസ്കാരിക കലാ കായിക മേഖലകളിലെ ഇരുനൂറിലേറെ അതിഥികൾ പങ്കെടുക്കും.അര ലക്ഷം പേർ പരിപാടിയിൽ പങ്കാളികളാവും. മലപ്പുറത്തിന്റെ തനിമ, പൈതൃകം, ബഹുസ്വരത, പോരാട്ടം, കരുണ, മാതൃക എന്നിവ ലോകസമക്ഷം സമർപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

whatsapp മലപ്പുറത്തിന്റെ വൈവിധ്യങ്ങൾ ആഘോഷിക്കുന്ന "മ" ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ തുടക്കം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈവിധ്യങ്ങളുടെ ചരിത്ര ദേശമായ മലപ്പുറത്തിന്റെ ഉള്ളടക്കം ലിറ്ററേച്ചർ ഫെസ്റ്റിലൂടെ അനാവരണം ചെയ്യപ്പെടും. ആധുനിക കേരളത്തിന്റെ ബഹുമുഖ നിര്‍മിതിയിലും ഇന്ത്യയുടെ ദേശീയ രൂപീകരണ പ്രക്രിയയിലും ഈ നാട് വഹിച്ച പങ്ക്, പോര്‍ച്ചുഗീസ് കാലം തൊട്ട് തുടങ്ങുന്ന കോളനി വിരുദ്ധ സമരങ്ങള്‍ മുതല്‍ വര്‍ത്തമാന ഇന്ത്യയുടെ നിയമ നിര്‍മാണ മേഖലയില്‍ വരെ മലപ്പുറത്തിന്റെ നേതൃപരമായ കൈയ്യൊപ്പുകള്‍ എന്നിവ വിവിധ സെഷനുകളിലായി ചർച്ച ചെയ്യപ്പെടും. മലപ്പുറത്തെ ജാതി-മത സമൂഹങ്ങളും ദളിത്-ഗോത്ര വിഭാഗങ്ങളും തീരദേശ-മലയോര പ്രദേശത്തെ ജനങ്ങളും അവരുടെ ജീവിതവും ചർച്ച ചെയ്യപ്പെടും.

മുന്‍വിധികളുടെയും അജണ്ടകളുടെയും അടിസ്ഥാനത്തില്‍, രൂപപ്പെടുന്ന സ്റ്റീരിയോടിപ്പിക്കല്‍ നിര്‍മിതികൾക്കും അപരവത്കരണത്തിനും എതിരെയുള്ള സർഗ്ഗാത്മക പോരാട്ടം കൂടിയായി പരിപാടി മാറും. ബ്രിട്ടീഷ് കാലത്തു തുടങ്ങിയ ഈ ‘മലപ്പുറം വേട്ട’ ഇന്നും പുതിയ രൂപത്തിലും ഭാവത്തിലും തുടരുന്നു. മതേതര ചേര്‍ന്നു നില്‍പ്പിനെ പേടിക്കുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ അത്തരം ആരോപണങ്ങളെ ഏറ്റുപിടിച്ച് പര്‍വ്വതീകരിക്കുകയാണ്. ഈ നാടിനെ നിര്‍മിച്ച എല്ലാ തരം ജനങ്ങളെയും അവരുടെ ജീവിതാനുഭവങ്ങളെയും സംഭാവനകളെയും അവഗണിക്കുവാനുള്ള നീക്കങ്ങൾക്കെതിരെ ഫെസ്റ്റിവെൽ പ്രതിരോധം തീർക്കും. ആധുനിക കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക നിര്‍മിതിയില്‍ മലപ്പുറം വഹിച്ച പങ്ക് വിശദമായി ചർച്ചയാകും.

മലപ്പുറത്തിന്റെ വെവിധ്യമാര്‍ന്ന ചരിത്ര-സാഹിത്യ-സംസ്‌കാരിക പൈതൃകങ്ങളുടെ ബഹുസ്വര ആഘോഷമായി “മ” ലിറ്ററേച്ചര്‍ & കള്‍ച്ചറല്‍ ഫെസ്റ്റിവെൽ മാറും. വൈവിധ്യമാര്‍ന്ന സാഹിത്യ-സാംസ്‌കാരിക-അക്കാദമിക ലോകത്തെ കുറിച്ചുള്ള തുറന്ന സംവാദങ്ങളുടെയും ദൃശ്യാവിഷ്‌കാരങ്ങളുടെയും വേറിട്ട വേദിയായിരിക്കും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം,സാഹിത്യ ചര്‍ച്ചകള്‍, കാലിക പ്രസക്തമായ രാഷ്ട്രീയ അവലോകനങ്ങള്‍, പ്രമുഖരുമായുള്ള സംവാദങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, നാടുനീങ്ങുന്ന വിവിധ തരം കലകളുടെ പ്രദര്‍ശനങ്ങള്‍, എക്‌സിബിഷന്‍, ബുക്‌ഫെയര്‍ തുടങ്ങിയവയും ഫെസ്റ്റിവെല്ലിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഫെസ്റ്റിന്റെ പ്രമോഷന്റെ ഭാഗമായി നിയോജക മണ്ഡലം പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ വൈവിധ്യമാര്‍ന്ന പ്രീ-ഇവന്റ്‌സുകൾ നടന്നു.ഇതിനോടനുബന്ധിച്ചുള്ള ഇന്റർനാഷണൽ ബുക്ക് ഫെയർ നാളെ വൈകീട്ട് നാലിന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങൾ ഉദ്ഘാടനം ചെയ്യും. അൻപതിനായിരത്തോളം ടൈറ്റിലുകളിൽ അഞ്ചു ഭാഷകളിലായുള്ള പുസ്തകങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രസാധകരായ ബുക്ക് പ്ലസുമായി സഹകരിച്ച് അയ്യായിരം സ്ക്വയർ ഫീറ്റിലാണ് ബുക്ക് ഫെയർ സംവിധാനിച്ചിട്ടുള്ളത്. ഏഴിന് കൾച്ചറൽ പ്രോഗ്രാമിൽ ദോലി പാട്ടിന്റെ സ്വര മാന്ത്രികൻ ലിറാർ പാടും.

31 ന് വൈകുന്നേരം നാലിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ എഴുത്തുകാരൻ മനുഷ്യ പുത്രൻ മുഖ്യാതിഥിയാവും. പി.കെ കുഞ്ഞാലിക്കുട്ടി, രമേഷ് ചെന്നിത്തല, പി.എം.എ സലാം, സി.പി. ജോൺ , ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽഎ, എം.എൽ.എമാർ, മറ്റ് പ്രമുഖർ പങ്കെടുക്കും. രാത്രി എട്ടുമണിക്ക് പ്രശസ്ത കാലിഗ്രഫിറ്റി ആർട്ടിസ്റ്റ് കരീം ഗ്രഫിയുടെ ലൈവ് ആർട്ട്‌ പ്രോഗ്രാം ഉണ്ടായിരിക്കും.

ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് മൂന്നു വേദികളിലായി വിവിധ സെഷനുകൾക്ക് തുടക്കമാവും. രാത്രി എട്ടുമണിക്ക് സമീർ ബിൻസി ഇമാം മജ്ബൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സൂഫി സംഗീത സദസ്സ് നടക്കും.

ഫെബ്രുവരി രണ്ടിന് ഞായർ 10 മണിക്ക് തുടങ്ങുന്ന പരിപാടിയിൽ അഞ്ചുമണിക്ക് അവസാനിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീർ എംപി മുഖ്യ പ്രഭാഷണം നടത്തും , എം.പി മാർ, എംഎൽഎ മാർ, നേതാക്കൾ തുടങ്ങി പ്രമുഖർ സംബന്ധിക്കും. രാത്രി എട്ടിന് ഹനാൻഷായുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയോടുകൂടി ഈ വർഷത്തെ മ ലൗ ലെഗസി ലിറ്ററേച്ചർ ഫെസ്റ്റിന് തിരശ്ശീല വീഴും.

വാർത്താ സമ്മേളനത്തിൽ മ ലിറ്ററേച്ചർ ഫെസ്റ്റ് ചെയർമാൻ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, ഡയറക്ടർ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്, വർക്കിങ് ചെയർമാൻ ശരീഫ് കുറ്റൂർ , ജനറൽ കൺവീനർ മുസ്തഫ അബ്ദുൽ ലത്തീഫ്, കൺവീനർ ബാവ വിസപ്പടി, കോ ഓഡിനേറ്റർ ഗുലാം ഹസ്സൻ ആലംഗീർ ,അഹമദ് സജു,ശരീഫ് വടക്കയിൽ, യു എ റസാഖ് തുടങ്ങിയവർ പങ്കെടുത്തു.

\