04
Jul 2023
Tue
04 Jul 2023 Tue

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 2019ല്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ 2019 ഡിസംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ 2019 ഓഗസ്റ്റ് 5 മുതലുള്ള രാഷ്ട്രപതി ഉത്തരവിനെയാണ് ഹര്‍ജികള്‍ ചോദ്യം ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഫയല്‍ ചെയ്ത നിരവധി ഹര്‍ജികളാണ് കോടതി മുമ്പാകെയുള്ളത്. അഭിഭാഷകനായ എംഎല്‍ ശര്‍മ, ജമ്മു കശ്മീര്‍ ആസ്ഥാനമായുള്ള അഭിഭാഷകന്‍ ഷാക്കിര്‍ ഷബീര്‍, നാഷണല്‍ കോണ്‍ഫറന്‍സ് ലോക്‌സഭാ എംപിമാരായ മുഹമ്മദ് അക്ബര്‍ ലോണ്‍, ജസ്റ്റിസ് (റിട്ട) ഹസ്‌നൈന്‍ മസൂദി, ഷെഹ്ല റാഷിദ് എന്നിവരും ഹര്‍ജിക്കാരില്‍ ഉള്‍പ്പെടുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ജമ്മു കശ്മീര്‍ ഗ്രൂപ്പിലെ മുന്‍ അംഗമായ രാധാ കുമാര്‍, ജമ്മു കശ്മീര്‍ മുന്‍ ചീഫ് സെക്രട്ടറി ഹിന്ദാല്‍ ഹൈദര്‍ ത്യാബ്ജി, റിട്ടയേര്‍ഡ് എയര്‍ വൈസ് മാര്‍ഷല്‍ കപില്‍ കാക്ക്, റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ അശോക് കുമാര്‍ മേത്ത, അന്തര്‍ സംസ്ഥാന കൗണ്‍സില്‍ മുന്‍ സെക്രട്ടറി അമിതാഭ പാണ്ഡെ, മുന്‍ സെക്രട്ടറി അമിതാഭ പാണ്ഡെ, മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാലപിള്ള എന്നിവരും ഹര്‍ജിക്കാരാണ്. ഇരുഭാഗത്തുമായി മുതിര്‍ന്ന അഭിഭാഷകരുടെ നീണ്ട നിരതന്നെയുണ്ട്.

ഇതിനിടെ 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തെ ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം ന്യായീകരിച്ചു. 2018ല്‍ കല്ലേറ് സംഭവങ്ങള്‍ 1,767 വരെ ഉയര്‍ന്നതായും 2023ല്‍ അത് പൂര്‍ണ്ണമായും അവസാനിച്ചുവെന്നുമാണ് കേന്ദ്രം അവകാശപ്പെട്ടത്. ഈ ചരിത്രപരമായ ചുവടുവെപ്പ് മേഖലയില്‍ സ്ഥിരതയും സമാധാനവും വികസനവും സുരക്ഷയും കൊണ്ടുവന്നുവെന്നും 20 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.

തീരുമാനത്തിലൂടെ നടപ്പാക്കിയ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തീവ്രവാദ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നതിലേക്ക് നയിച്ചുവെന്നും, അതിന്റെ ഫലമായി തീവ്രവാദ റിക്രൂട്ട്‌മെന്റില്‍ ഗണ്യമായ കുറവുണ്ടായെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2018ല്‍ 199 റിക്രൂട്ട്‌മെന്റുകളായിരുന്നത് 2023ല്‍ 12ലേക്ക് കുത്തനെ കുറഞ്ഞെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക