ന്യൂഡല്‍ഹി: മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന് സമീപത്തെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ കോടതി നിരീക്ഷണത്തില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചിന്റെതാണ് നടപടി. മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് സമുച്ചയത്തില്‍ സര്‍വേ നടത്താനുള്ള നടപടിക്ക് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നാണ് അലഹബാദ് ഹൈക്കോടതി അംഗീാരം നല്‍കിയത്. ഇതിനെതിരെ മുസ്ലിംകള്‍ നല്‍കിയ ഹരജിയിലാണ് ഇന്നത്തെ സുപ്രീം കോടതിയുടെ ഉത്തരവ്.
|
കേസില്‍ ഹൈക്കോടതിയില്‍ വാദം തുടരുമെന്നും എന്നാല്‍ സര്‍വേ നടത്താന്‍ കോടതി കമ്മീഷണറെ നിയമിക്കുന്നതിന് ഇടക്കാല സ്‌റ്റേ ഉണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദു പക്ഷം നല്‍കിയ അപേക്ഷയില്‍ വ്യക്തതയില്ലെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.
ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകള്‍) നിയമം, 1991ല്‍ മതപരമായ സ്ഥലങ്ങളുടെ സ്വഭാവം മാറ്റുന്നത് തടയുന്ന നിയമപ്രകാരം സര്‍വേ നടത്താനുള്ള ഹര്‍ജി തള്ളണമെന്നാണ് മുസ്ലിംകള്‍ ആവശ്യപ്പെട്ടത്.





