30
Jun 2023
Sun
30 Jun 2023 Sun

തൃശൂർ: പെട്രോളുമായെത്തി ജീവനക്കാരുടെ ദേഹത്തൊഴിച്ച് ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് ലിജോയുടെ മൊഴി പുറത്ത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് ലക്ഷങ്ങൾ കടം വരുത്തിയെന്നും ഇത് തീർക്കാനാണ് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്നും ലിജോ പൊലീസിനോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൈയിലെ പണം തീർന്നതോടെ, കൂട്ടുകാരുടെ കൈയിൽ നിന്നും വലിയ തുകകൾ കടം വാങ്ങി കളിച്ചു. ആ പണവും നഷ്ടപ്പെട്ടു. 50 ലക്ഷത്തോളം രൂപ റമ്മി കളിച്ച് നഷ്ടപ്പെടുത്തി. അതുകൂടാതെ വീട് ലോൺ ഇനത്തിൽ 23 ലക്ഷം കടമുണ്ട്. ഇങ്ങനെ മൊത്തം 75 ലക്ഷം രൂപ ബാധ്യതയുണ്ടായെന്നും പ്രതി മൊഴി നൽകി. ഇതൊക്കെ തീര്‍ക്കാനാണ് ബാങ്ക് കൊള്ളയടിക്കാന്‍ നോക്കിയതെന്നും ഇയാള്‍ പറഞ്ഞു. മൊഴി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ വധശ്രമം, കവർച്ചാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അത്താണിയിലെ ഫെഡറല്‍ ബാങ്കില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. കൈയിലൊരു സഞ്ചിയുമായി എത്തിയ പുതുരുത്തി ചിരിയങ്കണ്ടത്ത് വീട്ടില്‍ ലിജോ അതിലുണ്ടായിരുന്ന കന്നാസിലെ പെട്രോളെടുത്ത് ജീവനക്കാരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആരും അനങ്ങരുതെന്നും ബാങ്ക് കൊള്ളയടിക്കാനാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു. അക്രമി ഭീഷണി മുഴക്കുന്നതിനിടെ ജീവനക്കാരില്‍ ചിലര്‍ ബാങ്കിന്‍റെ ഗ്രില്‍ പൂട്ടി. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ലിജോയെ കീഴടക്കി. പിന്നീട് ബാങ്കിന് പുറത്തെ പോസ്റ്റിൽ കെട്ടിയിടുകയും ചെയ്തു. സ്ഥലത്തെത്തിയ വടക്കാഞ്ചേരി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് ലിജോ വില്ലേജ് അസിസ്റ്റന്‍റാണെന്ന വിവരം പുറത്തുവരുന്നത്. തെക്കുംകര മണലിത്തറ ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റാണ് 36കാരനായ പ്രതി.