കൊല്‍ക്കത്ത: കേരളത്തിനും മുസ്‌ലിങ്ങൾക്കുമെതിരെ വ്യാജ-വിദ്വേഷ പ്രചരണവും വർഗീയ ഉള്ളടക്കങ്ങളുമായി പുറത്തിറങ്ങിയ ‘ദി കേരള സ്റ്റോറി’ക്ക് പശ്ചിമ ബംഗാളില്‍ വിലക്ക്. സംസ്ഥാനത്തെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
|
വിദ്വേഷ പ്രചരണവും ആക്രമണ സംഭവങ്ങളും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്തിനുമായി ദി കേരള സ്റ്റോറി നിരോധിക്കുകയാണെന്ന് മമത ബാനർജി അറിയിച്ചു. ‘എന്താണ് ‘കശ്മീര്‍ ഫയല്‍സ്’?. ഒരു വിഭാഗത്തെ അപമാനിക്കുന്ന ചിത്രമാണത്. എന്താണ് ‘കേരള സ്റ്റോറി’?… ഇതൊരു വികലമായ കഥയാണ്’- മമത പറഞ്ഞു.
ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ‘ആദ്യം അവർ കശ്മീർ ഫയലുകളുമായി വന്നു, ഇപ്പോൾ അത് കേരള സ്റ്റോറിയാണ്. ഇനിയവർ അവർ ബംഗാൾ ഫയലുകൾക്കായി പ്ലാൻ ചെയ്യുന്നു’- മമത ബാനർജി വ്യക്തമാക്കി. എന്തിനാണ് ബിജെപി വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു. മെയ് അഞ്ചിനാണ് കേരള സ്റ്റോറി റിലീസ് ചെയ്തത്.
സിനിമ തമിഴ്നാട്ടിലെ മൾട്ടിപ്ലക്സുകളിൽ പ്രദർശനം നിർത്തിയിരുന്നു. ചിത്രം കാണാന്‍ തിയേറ്ററുകളില്‍ ആളുകളെത്താത്തതും ക്രമസമാധാന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം നിര്‍ത്താന്‍ തമിഴ്‌നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. ചിത്രത്തിനെതിരെ നാം തമിഴര്‍ കക്ഷിയും മുസ്‌ലിം മുന്നേറ്റ കഴകവും ഉള്‍പ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.
കേരളത്തില്‍ നിന്നും പെണ്‍കുട്ടികളെ മതംമാറ്റി ഐ.എസിലേക്ക് ചേര്‍ക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രമേയം. 32,000 സ്ത്രീകളെ ഇത്തരത്തില്‍ സിറിയയിലേക്ക് കൊണ്ടുപോയതായാണ് ചിത്രത്തിന്റെ ട്രെയിലറില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇത് ‘മൂന്ന് പെണ്‍കുട്ടികളുടെ കഥ’ എന്ന് തിരുത്തേണ്ടിവന്നിരുന്നു. സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ദേശീയതലത്തിൽ ഉയർന്നിരിക്കുന്നത്.





