22
Jan 2026
Fri
22 Jan 2026 Fri
sidharth prabhu

കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു മദ്യ ലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. നാട്ടകം സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 24-നാണ് സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം ലോട്ടറി വില്‍പ്പനക്കാരാനായ തങ്കരാജിനെ ഇടിച്ചുതെറിപ്പിച്ചത്. അമിത വേഗതയിലായിരുന്നു വാഹനം. പരിക്കേറ്റ തങ്കരാജിനെ ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നു. സംഭവത്തില്‍ ചിങ്ങവനം പൊലീസ് സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

അപകടത്തിന് പിന്നാലെ ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ALSO READ: ”ഞങ്ങള്‍ എല്ലാവരും നിന്നെക്കുറിച്ച് ഓര്‍ക്കുന്നു…”- ഉമര്‍ ഖാലിദിന് കത്തെഴുതി സൊഹ്‌റാന്‍ മംദാനി

ഡിസംബര്‍ 24-ന് രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സംഭവമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ സിദ്ധാര്‍ത്ഥും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സിദ്ധാര്‍ത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സിദ്ധാര്‍ത്ഥ് പ്രഭു. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയ സിദ്ധാര്‍ത്ഥ് പരമ്പരയില്‍ മഞ്ജു പിളളയുടെ മകനായാണ് അഭിനയിച്ചിരുന്നത്. പിന്നീട് ചില സിനിമകളിലും വേഷമിട്ടു. അടുത്തിടെയാണ് ഉപ്പും മുളകും പരമ്പരയില്‍ പ്രത്യക്ഷപ്പെട്ടത്. സീരിയലില്‍ കേന്ദ്ര കഥാപാത്രമായ ലക്ഷ്മിയുടെ ഭര്‍ത്താവായാണ് സിദ്ധാര്‍ത്ഥ് വേഷമിടുന്നത്.