ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം; ആദ്യദിനം തന്നെ സിറ്റി ഇറങ്ങുന്നു; പ്രധാന ടീമുകളെ അറിയാം
|
ലണ്ടന്‍: ലോകത്തെ ഏറ്റവും മികച്ച പ്രൊഫണഷല്‍ ഫുട്‌ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് (ഇ.പി.എല്‍) ഇന്ന് തുടക്കം. ആദ്യ കളിയില്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലി എഫ്.സിയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കളി. മുന്‍ സിറ്റി താരം വിന്‍സെന്റ കൊമ്പനി പരിശീലിപ്പിക്കുന്ന ടീമാണ് ബേണ്‍ലി.
കഴിഞ്ഞ ആറ് സീസണിനിടെ അഞ്ചുതവണയാണ് സിറ്റി ചാമ്പ്യന്‍മാരായത്. ഗ്വാര്‍ഡിയോളയ്ക്ക് ഇത് എട്ടാം സീസണാണ്. സിറ്റിയില്‍ എല്ലാം നേടിക്കഴിഞ്ഞ പരിശീലകനാണ് പെപ്. മൈക്കേല്‍ അര്‍ടേറ്റയുടെ അഴ്‌സണല്‍, എറിക് ടെന്‍ ഹാഗിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍, മൗറീസിയോ പൊച്ചെട്ടീനോയുടെ ചെല്‍സി എന്നീ ക്ലബ്ബുകളായിരിക്കും സിറ്റിക്ക് വെല്ലുവിളി ഉയര്‍ത്തുക. ലുട്ടണ്‍ എഫ്‌സി, ബേണ്‍ലി, ഷെഫീല്‍ഡ് യുണൈറ്റഡ് എന്നീ ക്ലബ്ബുകളാണ് സീസണിലെ നവാഗതര്‍.
സിറ്റിയുടെ ആധിപത്യത്തിന് ഈ സീസണില്‍ വെല്ലുവിളിയുണ്ടാകുമോയെന്നാണ് ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ മൂന്ന് കിരീടങ്ങളാണ് സിറ്റി സ്വന്തമാക്കിയത്. ഇക്കുറി അതിന് തുടര്‍ച്ചയുണ്ടാക്കാനാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും ഇറങ്ങുന്നത്.
എര്‍ലിങ് ഹാലണ്ടായിരിക്കും ഈ സീസണിലും സിറ്റിയുടെ ഗോള്‍വേട്ടക്കാരന്‍. കന്നി സീസണില്‍ത്തന്നെ നോര്‍വെക്കാരന്‍ ഗോളടിയില്‍ ഒരുപിടി റെക്കോഡുകളിട്ടു. സിറ്റിക്കായി കഴിഞ്ഞ സീസണില്‍ 35 കളിയില്‍ 36 ഗോള്‍ നേടി. എട്ടെണ്ണത്തിന് അവസരവുമൊരുക്കി. പ്രതിരോധത്തില്‍ യോസ്‌കോ ഗ്വാര്‍ഡിയോളാണ് സീസണില്‍ ടീം പുതുതായി എത്തിച്ച പ്രധാനതാരം. മധ്യനിരയില്‍ മറ്റിയോ കൊവാസിച്ചിനെ കൊണ്ടുവന്നു. എന്നാല്‍ ആക്രമണനിരയിലുണ്ടായിരുന്ന അല്‍ജീരിയന്‍ താരം റിയാദ് മെഹ്‌റിസിനെ സൗദി ക്ലബ്ബ് കൊണ്ടുപോയതാണ് ഏക നഷ്ടം. സിറ്റിയുമായി ഇഞ്ചിനിഞ്ച് പോരാട്ടം നടത്തിയാണ് അഴ്‌സണല്‍ കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. ഗ്വാര്‍ഡിയോളയുടെ സംഘത്തെ ഷൂട്ടൗട്ടില്‍ കീഴടക്കി കമ്യൂണിറ്റി ഷീല്‍ഡുമായി പുതിയ സീസണിന് മികച്ച ഒരുക്കം നടത്താനും അഴ്‌സണലിന് കഴിഞ്ഞു. ഇക്കുറി താരലേല വിപണിയില്‍ കൂടുതല്‍ പണമിറക്കിയതും അഴ്‌സണലാണ്. ബുക്കായോ സാക്കയാണ് ടീമിന്റെ കുന്തമുന. കയ് ഹവേര്‍ട്‌സ്, ഡെക്ലന്‍ റൈസ്, ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് എന്നിവരെയാണ് ഈ സീസണില്‍ കൊണ്ടുവന്നത്. നാളെ നോട്ടിങ്ഹാം ഫോറസ്റ്റുമായാണ് ആദ്യകളി.
കഴിഞ്ഞ സീസണില്‍ മൂന്നാംസ്ഥാനംവരെ മുന്നേറിയ യുണൈറ്റഡ് കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ടെന്‍ ഹാഗിന് കീഴില്‍ ടീം ഏറെ മെച്ചപ്പെട്ടു. ബ്രൂണോ ഫെര്‍ണാണ്ടസും മാര്‍കസ് റാഷ്ഫഡും മുന്നോട്ടുള്ള പോക്കില്‍ നിര്‍ണായകമാകും. റാസ്മസ് ഹൊയ്‌ലുണ്ട്, മാസണ്‍ മൗണ്ട്, ഗോള്‍ കീപ്പര്‍ ആന്ദ്രേ ഒനാന എന്നിവരാണ് പുതുതായി എത്തിയവര്‍. ഞായറാഴ്ച വൂള്‍വ്‌സുമായാണ് യുണൈറ്റഡിന്റെ ആദ്യകളി.
കഴിഞ്ഞ എട്ട് സീസണില്‍ ആദ്യമായാണ് ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമാകുന്നത്. ഈ സീസണിലും പ്രതിസന്ധിയുണ്ട്. രോബട്ട്‌സണ്‍ അടക്കം ഒരുപിടി താരങ്ങള്‍ ക്ലബ് വിട്ടു. താരലേലത്തില്‍ വലിയരീതിയില്‍ സജീവമാകാനും കഴിഞ്ഞില്ല. എങ്കിലും മുഹമ്മദ് സലായുടെ മികവില്‍ കുതിക്കാമെന്നാണ് ക്ലോപ്പിന്റെ കണക്കുകൂട്ടല്‍. അലെക്‌സിസ് മക് അല്ലിസ്റ്റും ഡൊമിനിക് സൊബൊസ്‌ലായിയുമാണ് പുതിയ താരങ്ങള്‍. ഞായറാഴ്ച ചെല്‍സിയുമായാണ് ആദ്യകളി.
അപ്രതീക്ഷിത തിരിച്ചടിയില്‍നിന്നുള്ള കരകയറ്റമാണ് ചെല്‍സിയുടെ ലക്ഷ്യം. പോയ സീസണില്‍ പന്ത്രണ്ടാം സ്ഥാനമാണ് ലഭിച്ചത്.
The Premier League is back. What to know about opening day of new season


