നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ ഞങ്ങള്‍ ഇടപെടും, മണിപ്പൂരില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി; കേന്ദ്രസര്‍ക്കാരിന് താക്കീതും
|
ന്യൂഡല്‍ഹി: വംശീയ കലാപം നിലനില്‍ക്കുന്ന മണിപ്പൂരില്‍ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ അക്രമികള്‍ നഗ്‌നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. മണിപ്പൂരില്‍ നടന്നത് അതീവ ദുഃഖകരമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ശക്തമായി ഇടപെടണം. അല്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
പ്രതികളെ പിടികൂടാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ കേന്ദ്രമണിപ്പൂര്‍ സര്‍ക്കാരുകളോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. വിശദീകരണം നല്‍കാന്‍ ഒരാഴ്ച സമയമാണ് അനുവദിച്ചത്. അക്രമത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രംഗത്തെത്തി. പുറത്ത് വന്ന ദൃശ്യങ്ങള്‍ ദുഃഖകരമാണെന്നും കടുത്ത നടപടികള്‍ ഉണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്ത്രീകളെ നഗ്‌നരായി നടത്തിയത് ജനാധിപത്യ സമൂഹത്തില്‍ സാധ്യമാകാത്തതാണ്. സാമുദായിക കലഹങ്ങളുടെ മേഖലയില്‍ സ്ത്രീകളെ ഉപകരണമായി ഉപയോഗിക്കുന്നു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ നടപടിയെടുക്കമെന്ന് ചീഫ് ജസ്റ്റിസ് താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞു.
അതേസമയം, ഇതര സമുദായക്കാരായ അക്രമികള്‍ ചേര്‍ന്ന് രണ്ടുസ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വീഡിയോ വൈറലായതിന് പിന്നാലെ രാജ്യവ്യാപകമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ്‌പോക്പി ജില്ലയില്‍ മേയ് നാലിന് നടന്ന അതിക്രമത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്..





