|
നൈനിറ്റാള്‍: വ്യാപാരിയായ യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. പുതിയ കാമുകനൊപ്പം പോകാന്‍ യുവാവിനെ കാമുകി പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊല്ലുകയായിരുന്നു. നൈനിറ്റാളിലെ ഹല്‍ദ്വാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. അന്‍കിത് ചൌഹാന്‍ എന്ന 32കാരനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അന്‍കിതിന്റെ കാമുകി പുതിയ കാമുകനൊപ്പം നേപ്പാളിലേക്ക് കടന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ജൂലൈ 15നാണ് രാംബാഗ് കോളനി സ്വദേശിയായ യുവാവിനെ രാംപുര്‍ റോഡില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്റെ എയര്‍ കണ്ടീഷനില്‍നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചാണ് അന്‍കിത് മരിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പാമ്പ് കടിയേറ്റാണ് യുവാവ് മരിച്ചതെന്ന് വ്യക്തമായത്. അന്‍കിതിന്റെ രണ്ട് കാലുകളിലും പാമ്പ് കടിയേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ഇതോടെ സംഭവത്തെക്കുറിച്ച് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അന്‍കിതിന്റെ ഫോണ്‍ രേഖകളും സിസിടിവിയും പരിശോധിച്ച് നടത്തിയ അന്വേഷണമാണ് മഹി ആര്യ എന്ന യുവതിയിലേക്ക് എത്തിയത്. അന്‍കിതും മഹി ആര്യയും കഴിഞ്ഞ കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെയായി അന്‍കിതുമായി അകന്ന മഹി ആര്യ, ദീപ് കാന്ത് പാല്‍ എന്നയാളുമായി പ്രണയത്തിലായി.
പാമ്പാട്ടിയായ രമേശ് നാഥുമായി മഹി ആര്യ നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസിന് മനസിലായി. തുടര്‍ന്ന് രമേശ് നാഥിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് 10000 രൂപയ്ക്ക് ഒരു മൂര്‍ഖന്‍ പാമ്പിനെ മഹി ആര്യയ്ക്ക് നല്‍കിയതായി തെളിഞ്ഞത്. മഹി ആര്യ, അങ്കിതിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ഇതിനുശേഷം രമേശിന്റെ കൂടി സഹായത്തോടെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു. മൃതദേഹം കാറിനുള്ളില്‍ വയ്ക്കുകയും മറ്റൊരിടത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തശേഷം മഹി ആര്യ പുതിയ കാമുകനൊപ്പം നേപ്പാളിലേക്ക് കടന്നുകളയുകയായിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.





