ലഖ്‌നോ: മുസ്ലിം ഐഡിയില്‍ നിന്ന് കുംഭമേളയില്‍ അക്രമം നടത്തുമെന്ന് ഭീഷണി മുഴക്കിയ ഹിന്ദു യുവാവിനെതിരായ കേസ് നിസ്സാരവല്‍ക്കരിക്കാന്‍ പോലീസ് ശ്രമം. (Threat to kill a thousand people at Kumbh Mela; Who is behind the arrested youth?) രാജ്യത്തെ മുഴുവന്‍ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുമായിരുന്ന കുറ്റം കേവലം വ്യക്തിവിരോധത്തില്‍ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
|
മുസ്ലിം സുഹൃത്തിന്റെ പേരില്‍ കുംഭമേളയ്ക്കെതിരെ ബോംബ് സ്ഫോടന ഭീഷണി സന്ദേശം അയച്ച വിദ്യാര്‍ഥി അറസ്റ്റിലായിരുന്നു. സുഹൃത്തായ നാസര്‍ പഠാന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം ഐഡി നിര്‍മിച്ചായിരുന്നു ബോംബ് ഭീഷണി. ആയുഷ് കുമാര്‍ ജൈസ്വാള്‍ എന്നയാളാണ് ബിഹാറില്‍ അറസ്റ്റിലായത്.
സുഹൃത്തിനോടുള്ള പകയാണ് ഇത്തരമൊരു കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നല്‍കിയതായാണ് പോലീസ് പറയുന്നത്.
ജനുവരി 13നാണ് ഈ വര്‍ഷത്തെ കുംഭമേളയ്ക്കു തുടക്കമാകുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ഡിസംബര്‍ 31ന് ‘നാസര്‍ മിയാന്‍’ എന്ന പേരിലുള്ള ഒരു ഇന്‍സ്റ്റഗ്രാം ഐഡിയില്‍ മേളയ്ക്കെതിരെ ബോംബ് ഭീഷണിയുമായി ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കുംഭമേളയില്‍ ബോംബ് സ്ഫോടനം നടത്തി ആയിരം ഭക്തരെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഹിന്ദുക്കള്‍ക്കെതിരായ അധിക്ഷേപ പോസ്റ്റുകളും ഐഡിയില്‍ നിന്ന് വന്നിരുന്നു.
പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഘപരിവാരം മുസ്ലിം വിരുദ്ധ പ്രചാരണവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് പ്രയാഗ്രാജ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണെന്നു കണ്ടെത്തി. തുടര്‍ന്ന് അക്കൗണ്ട് നിര്‍മിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണു പ്രതി ആയുഷ് കുമാറിനെ രണ്ട് ദിവസം മുമ്പ് ബിഹാറിലെ പൂര്‍ണിയയില്‍നിന്ന് പൊലീസ് പിടികൂടിയത്.
പൂര്‍ണിയയിലെ ഭവാനിപൂരിലുള്ള ഷാഹിദ്ഗഞ്ച് സ്വദേശിയാണു ആയുഷ് കുമാര്‍. ഭവാനിപൂര്‍ പൊലീസിന്റെ സഹായത്തോടെ ഇവിടെ മണിക്കൂറുകളോളം നടന്ന റെയ്ഡിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സുഹൃത്തുമായുണ്ടായ തര്‍ക്കമാണ് ഇത്തരമൊരു കൃത്യത്തിലേക്കു നയിച്ചതെന്നും യുവാവിനെ കള്ളക്കേസില്‍ കുടുക്കി പ്രതികാരം തീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് യുപി പോലീസ് പറയുന്നത്. ഇതിനു വേണ്ടിയാണ് വ്യാജ ഇന്‍സ്റ്റഗ്രാം ഐഡിയുണ്ടാക്കി ഭീകരാക്രമണ ഭീഷണി നടത്തിയതെന്നാണ് പോലീസ് ഭാഷ്യം.
നേപ്പാളിലേക്ക് മുങ്ങാന്‍ സഹായിച്ചതാര്
അക്കൗണ്ടില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത ശേഷം ആയുഷ് കുമാര്‍ നേപ്പാളിലേക്കു മുങ്ങിയിരുന്നുവെന്നതാണ് ശ്രദ്ധേയം. സുഹൃത്തിനെ കുടുക്കാന്‍ വേണ്ടി മാത്രം വ്യാജ പോസ്റ്റിട്ടയാള്‍ രാജ്യാതിര്‍ത്തി കടന്നത് ആരുടെ സഹായത്തോടെയാണെന്നത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്.
ഇയാള്‍ നേപ്പാളില്‍ എവിടേക്കാണു പോയതെന്നും അവിടെ ആരെയൊക്കെ കണ്ടെന്നും പ്രതിക്കൊപ്പം യാത്ര ചെയ്തത് ആരെന്നും കണ്ടെത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. ബോംബ് ഭീഷണിക്കു പിന്നില്‍ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരത്തില്‍ വ്യാജപേരുകളില്‍ നിന്ന് ഭീഷണി മുഴക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. മുസ്ലിംകളെന്ന് തെറ്റിദ്ധരിപ്പിക്കും വിധം നടത്തിയ സ്‌ഫോടനങ്ങള്‍ പലതും നടത്തിയത് ഹിന്ദുത്വ സംഘടനകളാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
ഭാഗ്യവശാല്‍ കൃത്യസമയത്ത് അറസ്റ്റ് നടന്നതിനാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ തടയാന്‍ സാധിച്ചുവെന്നും എന്നാല്‍ തന്റെ മുസ്‌ലിം സഹപാഠിയോടുള്ള പക തീര്‍ക്കാനാണ് കുറ്റവാളി ഇത് ചെയ്തതെന്ന പോലീസിന്റെ നിസ്സാരവല്‍ക്കരണത്തില്‍ മാത്രമായി കുറ്റകൃത്യത്തിന്റെ ഉദ്ദേശം ഒതുങ്ങുന്നതായി തോന്നുന്നില്ലെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി പ്രതികരിച്ചു. സമകാലിക ഇന്ത്യയില്‍ പ്രതി മുസ്ലിമാണെങ്കില്‍, ഒരു വര്‍ഗീയ കലാപം ആളിക്കത്തിക്കാന്‍ ഒരു ചെറിയ തീപ്പൊരി മതിയാകുമെന്നതിനാല്‍ കുറ്റവാളിക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഖ് സംഘടനയുടെ പേരിലും ഭീഷണി
കഴിഞ്ഞ ദിവസം സിഖ് വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുന്റെ പേരിലും കുംഭമേളയ്ക്കെതിരെ ഭീഷണി സന്ദേശം പുറത്തിറങ്ങിയിരുന്നു. കുംഭമേളയ്ക്കിടെ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ അപായപ്പെടുത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് എന്ന പേരിലുള്ള സംഘത്തിലെ അംഗങ്ങളാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇവരെ പിടികൂടിയതായാണ് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭീഷണികളെ തുടര്‍ന്ന് കുംഭമേള നടക്കുന്ന മേഖലയില്‍ പൊലീസ് സുരക്ഷ കൂടുതല്‍ കടുപ്പിച്ചിട്ടുണ്ട്. പൊലീസിന്റെ സ്പെഷ്യല്‍ സംഘവും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





