21
Nov 2024
Sat
21 Nov 2024 Sat
arrest

ജിദ്ദ: ടിഷ്യൂ പേപ്പറെന്ന വ്യാജേന സൗദിയിലേക്ക് കോടിക്കണക്കിന് രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ അനധികൃതമായി ഇറക്കുമതി ചെയ്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴിയാണ് കൂറ്റന്‍ കണ്ടെയ്‌നറില്‍ നികുതി വെട്ടിച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. സംഭവത്തില്‍ ഒരു സൗദി പൗരനെയും രണ്ട് യമനി പൗരന്മാരെയും അറസ്റ്റ് ചെയ്‌തെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ അറിയിച്ചു. കസ്റ്റംസ് തീരുവ തട്ടിപ്പിനാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുറമുഖത്തുനിന്ന് പുറത്തെത്തിയ കണ്ടെയ്‌നറിനെക്കുറിച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന് നസഹ അതോറിറ്റിയുടെ സംഘം പിന്തുടര്‍ന്നാണ് പിടികൂടിയത്. കണ്ടെയ്‌നര്‍ ജിദ്ദയിലെ വെയര്‍ഹൗസിലെത്തിച്ച് സാധനങ്ങള്‍ ഇറക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. അബ്ദുല്‍ മാലിക് അഹ്‌മദ് ഖാഇദ്, അബ്ദുല്ല അബ്ദു ഖാസിം എന്നീ യമനി പൗരന്മാരാണ് കണ്ടെയ്‌നര്‍ എത്തിച്ചത്. ഇവരെ അറസ്റ്റ് ചെയ്തു.

പരിശോധനയില്‍ 72,00,000 റിയാലിന്റെ കസ്റ്റംസ് തീരുവ വെട്ടിച്ചെന്നും പ്രതിഫലമായി 14,99,000 റിയാല്‍ മുഹമ്മദ് ഗാസി മുഹമ്മദ് അല്‍ സയ്യിദ് എന്ന സൗദി പൗരന്‍ അവര്‍ക്ക് കൈമാറിയെന്നും കണ്ടെത്തി.

വിശദ പരിശോധനയില്‍ യമനി അബ്ദുല്‍ മാലിക്കിന്റെ നിര്‍ദേശപ്രകാരം റിയാദിലേക്കും കിഴക്കന്‍ പ്രവിശ്യയിലേക്കും കൊണ്ടുപോകുന്നതിനായി എത്തിച്ച അജ്ഞാത ഉറവിടത്തില്‍നിന്നുള്ള അനധികൃത പുകയില ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ കണ്ടെത്തി.

സമാനമായ മറ്റൊരു കേസില്‍ ജിദ്ദയില്‍നിന്ന് സുഡാന്‍ പൗരനായ ഉസ്മാന്‍ മുഹമ്മദ് നയീം അബ്ദുറഹ്‌മാന്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്.

10,75,200 റിയാലിന്റെ കസ്റ്റംസ് തീരുവ വെട്ടിച്ചാണ് ഏകദേശം നാല് ടണ്‍ പുകയില അടങ്ങിയ കണ്ടെയ്‌നര്‍ സൗദിയിലെത്തിച്ചത്. സുഡാനില്‍നിന്നുള്ള കാലിത്തീറ്റയാണെന്ന് കസ്റ്റംസ് രേഖകളില്‍ കാണിച്ച് ജിദ്ദയില്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇതിന് പ്രതിഫലമായി പ്രതിക്ക് ഒരു ലക്ഷം റിയാലും ഒരു വാഹനവുമാണ് ലഭിച്ചത്.