ഇസ്ലാമാബാദ്: ഗള്‍ഫ് മേഖലയില്‍ പ്രളയ സമാന അന്തരീക്ഷമുണ്ടാക്കിയ മഴ പാകിസ്താനിലേക്കും ഇന്ത്യയിലേക്കും നീങ്ങുന്നു. പാകിസ്ഥാനില്‍ കഴിഞ്ഞദിവസം രാത്രി ഉണ്ടായ കനത്ത മഴയും മിന്നലും മൂലം 30 പേര്‍ മരിച്ചു. ന്യൂനമര്‍ദ്ദം മൂലം ഇന്നലെ ഒമാനിലുണ്ടായ ശക്തമായ മഴയിലും പ്രളയത്തിലും മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചിരുന്നു. ( thunderstorm-and-rain-30-killed-in-pakistan-heavy-rain-forecast-for-nw-india )
|
ഗള്‍ഫിലെ വരണ്ട ചൂടുള്ള കാറ്റും ധ്രുവ മേഖലയില്‍ നിന്നുള്ള തണുത്ത കാറ്റും സംഗമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേക പ്രതിഭാസമാണ് മഴക്ക് കാരണം. കഴിഞ്ഞ 48 മണിക്കൂറിനിടയാണ് പാകിസ്താനില്‍ 30 പേര്‍ മഴയും മിന്നലുംമൂലം മരിച്ചതെ്. മധ്യ പ്രവിശ്യയായ പഞ്ചാബില്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ മിന്നലില്‍ 17 പേര്‍ മരിച്ചു. നിരവധി വീടുകളും സ്ഥാപനങ്ങളും കൃഷിയിടങ്ങളും കനത്ത മഴയില്‍ നശിച്ചു. ദുരന്ത നിവാരണ സേനയും പോലീസും അര്‍ദ്ധ സൈനിക വിഭാഗവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലും ഉത്തരേന്ത്യയിലും ഇന്നലെ മുതല്‍ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മധ്യ ധരണ്യാഴിയില്‍ നിന്ന് തുര്‍ക്കി, ഇറാന്‍, പാകിസ്താന്‍ വഴി ഇന്ത്യയില്‍ എത്തുന്ന പശ്ചിമവാതത്തെ ഗള്‍ഫ് മേഖലയില്‍ ഉണ്ടായ ന്യൂനമര്‍ദ്ദം ശക്തിപ്പെടുത്തുമെന്നും ഇത് ഇന്ത്യയില്‍ മഴ ശക്തിപ്പെടാന്‍ കാരണമാവുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
അടുത്ത 48 മണിക്കൂറില്‍ രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ മഴക്കും മിന്നലിനും സാധ്യതയുണ്ട്. മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, തുടങ്ങിയ മേഖലകളിലാണ് മഴയുണ്ടാവുക.


