15
Sep 2023
Thu
15 Sep 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: സംഘ്പരിവാരിന്റെ സനാതനധര്‍മ ആശയത്തെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍, കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ എന്നിവര്‍ക്കെതിരേ യു.പി പൊലിസ് കേസെടുത്തു. ഇതിന് പിന്നാലെ ബി.ജെ.പി ഐ.ടി സെല്ല് മേധാവി അമിത് മാളവ്യക്കെതിരെയും ഉദയനിധിക്ക് വധഭീഷണി ഉയര്‍ത്തിയ അയോധ്യയിലെ ഹിന്ദുത്വ സന്യാസി രാമചന്ദ്ര ദാസ് പരമഹംസ ആചാര്യയ്‌ക്കെതിരെയും തമിഴ്‌നാട് പൊലിസും കേസെടുത്തു.
രാവിലെ മതവികാരം വ്രണപ്പെടുത്തിയന്നൊരോപിച്ച് റാംപുര്‍ പൊലിസ് ആണ് ഉദയനിധിക്കും പ്രിയങ്കിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. സനാതനധര്‍മത്തെ സാവകാശം ഇല്ലായ്മചെയ്യണമെന്ന് പ്രസംഗിച്ചതിന്റെ പേരിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകന്‍ കൂടിയായ നടന്‍ ഉദയനിധിക്കെതിരേ കേസെടുത്തത്.

ഉദയനിധിയെ പിന്തുണച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനായായ പ്രിയങ്കിനെതിരേ കേസ്. ഐ.പി.സിയിലെ 295 എ (ബോധപൂര്‍വം മതവികാരം വ്രണപ്പെടുത്തല്‍), 153 എ (വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വൈര്യം വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരായ നടപടി. അഭിഭാഷകരായ ഹര്‍ഷ് ഗുപ്ത, രാം സിങ് ലോധി എന്നിവരാണ് പരാതി നല്‍കിയത്. ഉദയനിധിക്കെതിരേ ബിഹാറിലും ഡല്‍ഹിയിലും പരാതികള്‍ ഉണ്ട്.

ഇതിന് പിന്നാലെ വൈകീട്ടോടെയാണ് ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച രാമചന്ദ്ര ദാസ് പരമഹംസ ആചാര്യയ്‌ക്കെതിരെ ഡി.എം.കെയുടെ നിയമവിഭാഗം നല്‍കിയ പരാതിയില്‍ മധുര സിറ്റി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആചാര്യയുടെ കൊലവിളി വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച മാധ്യമപ്രവര്‍ത്തകന്‍ പിയൂഷ് റായിക്കെതിരെയും കേസുണ്ട്. ഐ.പി.സിയിലെ 153, 153 എ (1) (എ), 04, 505 (1) (ബി), 505 (2), 506 (2) വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തത്.

അയോധ്യയിലെ തപസ്വി ചാവ്‌നി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ കൂടിയായ ആചാര്യ നേരത്തെയും വിദ്വേഷപ്രസംഗങ്ങളിലൂടെ വിവാദത്തില്‍പ്പെട്ടയാളാണ്. ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഉദയനിധിയുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ അധിക പൊലിസിനെ വിന്യസിക്കുകയും ചെയ്തിരുന്നു.

ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച് അതുമായി എന്റെയടുത്ത് വരുന്നവര്‍ക്ക് 10 കോടി രൂപ നല്‍കും. ആരും അതിനു തയാറാകുന്നില്ലെങ്കില്‍ ഞാന്‍ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും എന്നായിരുന്നു ആചാര്യയുടെ കൊലവിളി. എന്നാല്‍ ഭീഷണി തള്ളിയ ഉദയനിധി, അയാള്‍ ഒറിജനല്‍ സന്യാസിയാണോ അതോ വ്യാജസന്യാസിയാണോയെന്ന് പരിഹസിക്കുകയായിരുന്നു.
അതിനിടെ ഇന്ന് രാത്രിയോടെയാണ് അമിത് മാളവ്യക്കെതിരേ തിരുച്ചിറപ്പള്ളി പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തത്. ഉദയനിധിയുടെ പരാമര്‍ശം വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെ നിയമവിഭാഗം നല്‍കിയ പരാതിയില്‍ ഐ.ടി നിയമത്തിലെയും ഐ.പി.സിയിലെ 153, 153 (എ), 504, 505 (1) (ബി) വകുപ്പുകളും പ്രകാരം കേസെടുത്തത്. ഉദയനിധിയുടെ പരാമര്‍ശം ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വൈരംവളര്‍ത്തുക എന്ന ഉദ്ദേശത്തോടെ അമിത് മാളവ്യ പ്രചരിപ്പിച്ചുവെന്നാണ് കേസ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക