20
Aug 2024
Mon
20 Aug 2024 Mon
Sree Krishna Jayanthi 2024

തൃശൂര്‍: അഷ്ടമി രോഹിണി തിരക്കില്‍ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രം. പിറന്നാള്‍ ദിനത്തില്‍ ഉണ്ണി കണ്ണനെ കാണാന്‍ പതിനായിരങ്ങളാണ് ഗുരുവായൂരിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ 9 മണി മുതല്‍ പ്രസാദ ഊട്ട് തുടങ്ങും. ഗുരുവായൂരപ്പന് നിവേദിച്ച പാല്‍പ്പായസമുള്‍പ്പെടെയുള്ള വിശേഷാല്‍ പ്രസാദ ഊട്ടാണ് അഷ്ടമി രോഹിണി നാളിലെ പ്രത്യേകത.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവിധ സാംസ്‌കാരിക, കലാ പരിപാടികളും ഇന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകീട്ട് 5നു സാംസ്‌കാരിക സമ്മേളനം ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7.30 മുതല്‍ സംഗീത നൃത്ത നാടകവും രാത്രി 10 മുതല്‍ കൃഷ്ണനാട്ടവും അരങ്ങേറും.

Sree Krishna Jayanthi

വള്ളസദ്യയും ഇന്ന് നടക്കും

ഇതോടൊപ്പം ആറന്‍മുള ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇന്ന് വിശേഷാല്‍ പൂജ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉണ്ട്. പ്രസിദ്ധമായ ആറന്‍മുള അഷ്മി രോഹിണി വള്ളസദ്യയും ഇന്ന് നടക്കും. 11 മണിയോടെ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയാണ് ഉദ്ഘാടനം ചെയ്യുക. ക്ഷേത്രത്തിനുള്ളില്‍ 60,000 പേര്‍ക്കും പുറത്ത് 10,000 പേര്‍ക്കുമാണ് സദ്യ ഒരുക്കുന്നത്. ഒക്ടോബര്‍ 2 വരെ ക്ഷേത്രത്തില്‍ വള്ള സദ്യ വഴിപാട് നടക്കും.

അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി ചേനപ്പാടിയില്‍നിന്നു പാളത്തൈരും ചെന്നിത്തലയില്‍നിന്നുള്ള അരിയും ഇന്നലെ പാര്‍ഥസാരഥീക്ഷേത്രത്തില്‍ എത്തിച്ചു. പള്ളിയോട സേവാസംഘം, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭാരവാഹികള്‍ ചേര്‍ന്ന് പാളത്തൈരും അരിയും സ്വീകരിച്ചു. കോട്ടയം ചേനപ്പാടിയില്‍നിന്ന് 650 പേരടങ്ങുന്ന സംഘം 11നാണ് ക്ഷേത്രത്തിലെത്തിയത്. പാര്‍ഥസാരഥി ഭക്തജനസമിതി പ്രസിഡന്റ് കെ.കെ. രാജപ്പന്‍ നായര്‍, വൈസ് പ്രസിഡന്റ് സുരേഷ് നാഗമറ്റത്തില്‍, സെക്രട്ടറി കെ.എസ് ജയകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി പി.പി.വിജയകുമാര്‍, ട്രഷറര്‍ അഭിലാഷ് പടത്തിയാനി എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്.

ഭഗവാന്‍ ശ്രീകൃഷ്ണനും ഭക്തരും ഒരുമിച്ചിരുന്ന് സദ്യ കഴിക്കുന്നു എന്നതാണ് അഷ്ടമി രോഹിണി വള്ളസദ്യയിലെ വിശ്വാസം.

 

ഇന്ന് ശേഭാ യാത്രകള്‍ നടക്കും

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാല ഗോകുലത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ശേഭാ യാത്രകള്‍ നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടക്കുകയാണ്. പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തരുടെ നീണ്ടനിരയാണ് ദൃശ്യമാകുന്നത്.