11
Aug 2026
Tue
11 Aug 2026 Tue
Columbia earth quake

കൊളംബിയയെ വിറപ്പിച്ച ഭൂചലനത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതിനകം 111 പേര്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ ബൊഗോട്ടയില്‍ നിന്ന് 240 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ചോക്കോയിലെ സാന്‍ ജോസ് ഡെല്‍ പാല്‍മറിന് സമീപമാണ്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 7.34നായിരുന്നു ഭൂചലനമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 61 കെട്ടിടങ്ങള്‍ പൂര്‍ണമായി തകരുകയും 1,575 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കൂടാതെ 18 ആരോഗ്യ കേന്ദ്രങ്ങള്‍, 52 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 17 കമ്മ്യൂണിറ്റി സെന്ററുകള്‍, 18 റോഡുകള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ അടിയന്തര രക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ജീവനുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വിമാനത്താവളങ്ങള്‍ അടച്ചു

കൊളംബിയയിലെ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചതായി അധികൃതര്‍ അറിയിച്ചു. പെരെയ്ര, മാനിസെല്‍സ്, അര്‍മേനിയ, കര്‍ടഗോ, ബോനവെന്റുറ എന്നീ വിമാനത്താവളങ്ങള്‍ വൈദ്യ-സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായി മാത്രമായിരിക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കുകയെന്ന് കൊളംബിയന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. സാഹചര്യം നിരീക്ഷിക്കുകയാണെന്നും അടിയന്തര സഹായമായി 15.5 മില്യന്‍ ഡോളര്‍ അനുവദിച്ചതായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു.

ALSO READ: ഭാര്യയുടെ അവിഹിതബന്ധമറിഞ്ഞ ഭര്‍ത്താവ് രണ്ടു പെണ്‍മക്കളെ കൊന്ന് കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു

ദുരന്തം കനത്ത നാശം വിതച്ച നഗരങ്ങളിലൊന്നാണ് കാലി (Cali). ഇവിടെ നിരവധി കെട്ടിടങ്ങള്‍ തകരുകയും നഗരത്തിലുടനീളം വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. പ്ലാസ ഡി ടോറോസിന് സമീപമുള്ള പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ കെട്ടിടങ്ങളുടെ മുന്‍ഭാഗങ്ങള്‍ തകരുകയും ചുവരുകളില്‍ വന്‍ വിള്ളലുകള്‍ വീഴുകയും ഒരു കെട്ടിടം പൂര്‍ണമായി നിലംപൊത്തുകയും ചെയ്തു.

ടെലഫോണ്‍ സേവനങ്ങള്‍ താറുമാറായി

ടെലിഫോണ്‍, മൊബൈല്‍ ഡാറ്റാ സേവനങ്ങള്‍ തടസ്സപ്പെട്ടത് ആശയവിനിമയത്തെ പ്രതികൂലമായി ബാധിച്ചു. പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങള്‍ പണമായി (Cash) മാത്രമേ ഇടപാടുകള്‍ സ്വീകരിച്ചുള്ളൂ. ഉച്ചയായിട്ടും പല സൂപ്പര്‍മാര്‍ക്കറ്റുകളും തുറന്നുപ്രവര്‍ത്തിച്ചില്ല. കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളുടെ സുരക്ഷിതത്വം അധികൃതര്‍ പരിശോധിച്ചു വരികയാണെന്നും ആളുകളെ അവിടെനിന്ന് ഒഴിപ്പിച്ചതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആശുപത്രി തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങി

ഭൂകമ്പത്തെ തുടര്‍ന്ന് കാലിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഭാഗികമായി തകര്‍ന്ന് വീണ് നിരവധി രോഗികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. പീഡിയാട്രിക്സ്, ഇന്റേണല്‍ മെഡിസിന്‍, നിയോനേറ്റല്‍ യൂണിറ്റ് എന്നിവ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് നിലകള്‍ ഉള്‍പ്പെടെ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ 30 ശതമാനത്തോളം തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാല് പേരെ രക്ഷപ്പെടുത്തി. മറ്റ് രോഗികളെ ഒഴിപ്പിച്ച് ആശുപത്രിയുടെ ഉദ്യാനത്തില്‍ ചികിത്സ നല്‍കുകയോ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയോ ചെയ്തു.

ഭൂകമ്പത്തിന്റെ ആഘാതമേറ്റ കാലിയിലുടനീളമുള്ള നിരവധി ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ അടയ്ക്കുകയോ ഒഴിപ്പിക്കുകയോ ചെയ്തതായി അധികൃതര്‍ പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങളും സൈന്യവും പരിശ്രമം തുടരുകയാണ്.

പടിഞ്ഞാറന്‍ കൊളംബിയയിലുടനീളം തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തകരും പോലീസും സന്നദ്ധപ്രവര്‍ത്തകരും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഒരു തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രണ്ടും സ്ത്രീകളെയും രണ്ട് കുട്ടികളെയും തങ്ങളുടെ സംഘം രക്ഷപ്പെടുത്തിയതായി കാലിയിലെ ഫയര്‍ഫൈറ്റര്‍ മൗറിസിയോ ആന്‍ഡ്രേഡ് പറഞ്ഞു. ‘അവര്‍ ജീവനോടെയുണ്ട്, അവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഞങ്ങള്‍ വഴി ഒരുക്കുകയാണ്,’ ആന്‍ഡ്രേഡ് കൂട്ടിച്ചേര്‍ത്തു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് രാജ്യത്തിന്റെ പ്രസിഡന്റ് വ്യക്തമാക്കി. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അടിയന്തര രക്ഷാസേന ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Tags: Colombia Earthquake, San Jose del Palmar, Cali Earthquake, Choco Colombia, University Hospital Cali, Natural Disaster, Malayalam News, Breaking News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക