28
Jun 2024
Sun
28 Jun 2024 Sun

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതല്‍ പുതിയ ടോള്‍: അറിയാം നിരക്കുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കും. കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 110 രൂപയാണ് പരിഷ്‌കരിച്ച നിരക്ക്. നേരത്തെയും ടോള്‍ നിരക്ക് 110 രൂപയായിരുന്നു. മടക്കയാത്രയും കൂടി ചേരുമ്പോള്‍ ഇത് 165 രൂപയാകും. നേരത്തെ ഇതു 160 രൂപയായിരുന്നു.

മിനി ബസ്സ്, ചെറിയ വാണിജ്യവാഹനങ്ങള്‍ എന്നിവയ്ക്ക് 170 രൂപയാണ് (വണ്‍സൈഡ്) പുതിയ നിരക്ക്. നേരത്തെ ഇത് 165 രൂപയായിരുന്നു. മടക്ക യാത്രയും കൂടി ചേര്‍ക്കുമ്പോള്‍ നിരക്കു വീണ്ടും കൂടും. 250ല്‍ നിന്ന് 255 രൂപയായാണ് വര്‍ധിപ്പിച്ചത്. ബസ്, ട്രക്ക് ( രണ്ട് ആക്‌സില്‍) എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 350 രൂപയാണ് പുതുക്കിയ നിരക്ക് (340 പഴയനിരക്ക്). മടക്കയാത്ര കൂടി ചേരുമ്പോള്‍ നിരക്ക് 510ല്‍ നിന്ന് 520 രൂപയായി ഉയരും. വലിയ വാഹനങ്ങള്‍ക്ക് (36 ആക്‌സില്‍) ഒരു വശത്തേക്ക് 530 രൂപയാണ് പുതിയ നിരക്ക്. 515ല്‍ നിന്നാണ് ടോള്‍ നിരക്ക് ഉയര്‍ത്തിയത്. ഏഴില്‍ കൂടുതല്‍ ആക്‌സിലുള്ള വാഹനങ്ങള്‍ക്ക് ഒരു വശത്തേയ്ക്ക് 685 രൂപ നല്‍കണം. നേരത്തെ ഇത് 665 രൂപയായിരുന്നു. മടക്കയാത്രയും കൂടി ചേരുമ്പോള്‍ 1000 രൂപയാകും. നേരത്തെ ഇത് (1025 ആയിരുന്നു.

ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നെങ്കിലും തിരഞ്ഞടുപ്പ് കാലത്ത് വര്‍ധന വേണ്ടെന്ന് ദേശീയപാത അതോറിറ്റി ഉത്തരവിടുകയായിരുന്നു. ഇക്കാരണത്താല്‍ നീട്ടിവച്ച വര്‍ധനനാണ് ഇന്ന് മുതല്‍ നടപ്പില്‍വരിക. 2022 മാര്‍ച്ച് 9 മുതലാണ് പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. 24 ദിവസം പിന്നിട്ടപ്പോള്‍ 2022 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധിപ്പിച്ചു. വീണ്ടും 2023 ഏപ്രിലില്‍ നിരക്ക് കൂട്ടി.

പ്രദേശവാസികളുടെ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ അത് മാത്രം പിന്‍വലിച്ചു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ പ്രദേശവാസികളായ യാത്രക്കാര്‍ ഇപ്പോള്‍ സൗജന്യയാത്ര തുടരുന്നുണ്ടെങ്കിലും അതും പിന്‍വലിക്കുമെന്നാണ് സൂചന.

Toll rate Increase In Panniyankara Toll Plaza