24
Sep 2025
Fri
24 Sep 2025 Fri
Trivandrum school holiday

അവധി പ്രഖ്യാപിക്കുന്നതില്‍ കലക്ടര്‍ വരുത്തിയ അമാന്തം വിദ്യാര്‍ഥികളെ വലച്ചു. കനത്ത മഴയില്‍ തിരുവനന്തപുരത്ത് അവധി പ്രഖ്യാപനം വൈകിയതോടെ അതിരാവിലെ സ്‌കൂളിലെത്തി കുട്ടികള്‍ മടങ്ങേണ്ടി വന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പല സ്‌കൂള്‍ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം ഉണ്ടായത്. രാത്രി മുഴുവന്‍ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ട ശേഷമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് സ്‌കൂളിലെത്തിയ കുട്ടികളും രക്ഷിതാക്കളും പറയുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം, തലസ്ഥാനത്ത് കനത്തമഴ തുടരുകയാണ്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റും മഴയും

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റും മഴയും പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

അതേസമയം ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ (ഓറഞ്ച് അലര്‍ട്ട്: അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.