രണ്ടു സഹോദരങ്ങളും വിവാഹം കഴിച്ചത് ഒരു യുവതിയെ. ഹിമാചല്‍ പ്രദേശിലെ ഷില്ലൈ ഗ്രാമത്തിലാണ് കൗതുകകരമായ സംഭവം. പ്രദീപ്, കപില്‍ നെഗി എന്നിവരാണ് സുനിതാ ചൗഹാന്‍ എന്ന യുവതിയെ വിവാഹം കഴിച്ചത്. ചടങ്ങിന് സാക്ഷിയായി കുടുംബാംഗങ്ങളും നൂറുകണക്കിന് നാട്ടുകാരുമുണ്ടായിരുന്നു. ഹാട്ടി ഗോത്രവിഭാഗത്തില്‍ പെട്ടവരാണ് വരന്‍മാരും വധുവും. ജൂലൈ 12നായിരുന്നു വിവാഹച്ചടങ്ങുകള്‍ തുടങ്ങിയത്. മൂന്നുദിവസമായിരുന്നു വിവാഹാഘോഷം.
|
ജോഡിദാര എന്ന പേരിലാണ് ഇത്തരം ആചാരം ഹിമാചല്‍ പ്രദേശില്‍ അറിയപ്പെടുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇത്തരം അഞ്ച് വിവാഹങ്ങള്‍ യുവാക്കളുടെ ഗ്രാമമായ ട്രാന്‍സ് ഗിരിയില്‍ നടന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കുന്‍ഹാത്ത് ഗ്രാമവാസിയാണ് സുനിത. ആചാരത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്നും സമ്മര്‍ദ്ദമേതുമില്ലാതെയാണ് താനീ വിവാഹത്തിന് സമ്മതിച്ചതെന്നും യുവതി വ്യക്തമാക്കി.
കുടുംബസ്വത്ത് അന്യാധീനപ്പെട്ടുപോവുമെന്ന ഭയമാണ് ഇത്തരമൊരു ആചാരത്തിനു പിന്നിലെന്നാണ് ഇതേക്കുറിച്ച് കേന്ദ്രീയ ഹാത്തി സമിതിയുടെ ജനറല്‍ സെക്രട്ടറിയായ കുന്ദന്‍ സിങ് ശാസ്ത്രി വിശദീകരിച്ചത്. സിര്‍മൗര്‍ ജില്ലയിലെ ട്രാന്‍സ് ഗിരി മേഖലയിലെ 450 ഗ്രാമങ്ങളിലായി ഹാത്തി സമൂഹത്തില്‍പെട്ട മൂന്നുലക്ഷത്തോളം പേരാണ് അധിവസിക്കുന്നത്.
ALSO READ: ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍; ഭര്‍ത്താവിനെതിരേ കുടുംബത്തിന്റെ പരാതി


