പണംവച്ചുള്ള ചീട്ടുകളിയിൽ വിദഗ്ധനായ കൂട്ടുകാരനെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടിയ രണ്ടുപേർ പിടിയിൽ. കൊല്ലം നെടുമ്പന മുട്ടയ്ക്കാവിൽ ഇതരസംസ്ഥാന തൊഴിലാളിയായ പശ്ചിമബംഗാൾ കുച്ച്ബിഹർ സ്വദേശി അൽത്താഫ് മിയ (29) ആണ് കൊല്ലപ്പെട്ടത്. പശ്ചിമബംഗാൾ ജൽപായ്‌ഗുഡി സ്വദേശികളായ ബികാസ് സെൻ (30), അൻവർ മുഹമ്മദ് (24) എന്നിവരാണ് പണം തട്ടിയെടുക്കുന്നതിനായി കൊലപാതകം നടത്തിയത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അൽത്താഫ് മിയയുടെ മൃതദേഹം വ്യാഴം രാത്രി പൊലീസ് പുറത്തെടുത്തു.
|
മുട്ടയ്ക്കാവിലുള്ള കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട അൽത്താഫ് മിയ. ചീട്ടുകളിയിലൂടെ അൽത്താഫ് മിയ സമ്പാദിച്ച പണം കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ഇരുവരും പൊലീസിനോടു പറഞ്ഞത്. ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തശേഷം താമസിക്കുന്നതിനു സമീപത്തുള്ള ആളൊഴിഞ്ഞ ചതുപ്പിൽ മൃതദേഹം താഴ്ത്തിയെന്ന് പ്രതികൾ പൊലീസിനോടു വെളിപ്പെടുത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 17ന് അൽത്താഫ് മിയയെ താമസസ്ഥലത്തുനിന്നു കാണാതായിരുന്നു. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കസ്റ്റഡിയിലുള്ള ബികാസ് സെന്നിന്റെയും അൻവറിന്റെയും ഫോണുകളിൽനിന്നാണ് അവസാന വിളികൾ വന്നതെന്ന് പൊലീസ് കണ്ടെത്തുകയുണ്ടായി. തുടർന്ന് ഇരുവരെയും വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം വിട്ടയയ്ക്കുകയും ചെയ്തു. വെളിച്ചിക്കാലയിലെ ഹോട്ടലിൽ പൊറോട്ട മേക്കറായ ബികാസ് സെൻ മലയാളി സുഹൃത്തിനോട് കൊലപാതക വിവരം വെളിപ്പെടുത്തിയതാണ് സംഭവം പുറത്തറിയാൻ സഹായിച്ചത്. മലയാളി കൊലപാതകവിവരം പൊലീസിന് കൈമാറുകയായിരുന്നു. ഇതോടെ മുട്ടയ്ക്കാവിലെ ഹോളോബ്രിക്സ് കമ്പനിയിലെ ലോഡിങ് തൊഴിലാളിയായ അൻവർ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടരയടിയോളം താഴ്ചയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്. ചാത്തന്നൂർ എ.സി.പി. ഗോപകുമാർ, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. അബ്ദുൽ വഹാബ്, കണ്ണനല്ലൂർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള കൊട്ടിയം പോലീസ് ഇൻസ്പെക്ടർ വിനോദ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ബാബുരാജ്, കൊല്ലം സ്പെഷ്യൽ തഹസിൽദാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, പഞ്ചായത്ത് അംഗം ഹാഷിം, ആസാദ് നാൽപ്പങ്ങൽ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ചുതുടങ്ങിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





