16കാരി നൽകിയ വ്യാജ പീഡനപരാതിയിൽ രണ്ട് യുവാക്കൾ ജയിലിൽ കിടന്നത് 68 ദിവസം. ഒടുവിൽ സത്യം വെളിപ്പെടുത്തി പെൺകുട്ടിയും പിതാവും ഹൈക്കോടതിയിലെത്തിയതോടെ യുവാക്കൾക്ക് ജാമ്യം ലഭിച്ചു. സഹപാഠിയുമായുള്ള 16കാരിയുടെ പ്രണയബന്ധം യുവാക്കൾ വീട്ടിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വ്യാജ പരാതി നൽകിയത്.
|
19ഉം 20 വയസ്സുള്ള യുവാക്കളാണ് ചെയ്യാത്ത കുറ്റത്തിന് രണ്ടുമാസത്തിലേറെക്കാലം ജയിലിൽ കഴിഞ്ഞത്. ഇരുവർക്കും സർക്കാർ ചെലവിൽ കൗൺസലിങ് നൽകാൻ ജസ്റ്റിസ് സി എസ് ഡയസ് ഉത്തരവിട്ടു. 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകയുടെ രണ്ട് ആൾജാമ്യത്തിലുമാണ് യുവാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചത്.
പ്രായപൂർത്തിയാവാത്ത കുട്ടികൾ നൽകുന്ന പീഡനപരാതിയിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുംമുൻപ് ജാഗ്രതവേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ മാർഗനിർദേശങ്ങൾക്ക് രൂപംനൽകണമെന്നും കോടതി നിർദേശിച്ചു. എറണാകുളം ജില്ലയിലെ തടിയിട്ടപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾക്കുപുറമേ ബലാൽസംഗത്തിനും കേസെടുത്തിരുന്നു.
യുവാക്കളിൽ ഒരാൾ 2017ൽ താൻ ആറാംക്ലാസിൽ പഠിക്കുമ്പോഴും മറ്റൊരാൾ കഴിഞ്ഞവർഷവും പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. പരാതിയെ തുടർന്ന് മെയ് 30ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരുടെയും ജാമ്യഹരജിയോടൊപ്പം പരാതി വ്യാജമാണെന്ന സത്യവാങ്മൂലം പെൺകുട്ടിയും പിതാവും ഫയൽചെയ്യുകയായിരുന്നു. പിന്നാലെ കോടതി പെൺകുട്ടിയെ വിളിച്ചുവരുത്തി സംസാരിച്ചു. സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് വ്യാജ പരാതി നൽകിയതെന്നു പെൺകുട്ടി കോടതിയെ അറിയിക്കുകയും ചെയ്തു. യുവാക്കൾ അറസ്റ്റിലാകുമെന്നും ജയിലിലാകുമെന്നും കരുതിയില്ലെന്നും പറഞ്ഞു. പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിന് ഉദാഹരണമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





