ദുബൈ: കഴിഞ്ഞ ദിവസം തങ്ങളുടെ വാട്‌സാപ്പിലേക്ക് ഒരു ഇന്ത്യന്‍ നമ്പറില്‍ നിന്ന് എത്തിയ സന്ദേശം കണ്ട് അന്തം വിട്ടിരിക്കുകയാണ് യുഎഇയിലെ പാകിസ്താനികളും ഇമാറാത്തികളും ബ്രിട്ടീഷുകാരും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും അഭിപ്രായം തേടിക്കൊണ്ടുള്ള കത്താണ് ഇവരുടെ മൊബൈലുകളിലേക്കെത്തിയത്. ( UAE: Surprise WhatsApp letter from Indian PM Modi raises questions among residents )
|
ഇന്ത്യയിലെ കോടിക്കണക്കിന് മൊബൈല്‍ നമ്പറുകളിലേക്ക് കഴിഞ്ഞ ദിവസം ഈ സന്ദേശം എത്തിയിരുന്നു. അതിന് പിന്നാലെയാണ് പ്രവാസ ലോകത്തെ നിരവധി വിദേശികള്‍ക്കും കത്ത് ലഭിച്ചത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തില്‍ തങ്ങള്‍ക്ക് എന്താണ് കാര്യമെന്ന് അമ്പരക്കുകയാണ് കത്ത് ലഭിച്ച വിദേശികള്‍!
മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനവും താനും തമ്മില്‍ എന്താണ് ബന്ധമെന്നാണ് ദുബൈയിലെ പാകിസ്താനി മാധ്യമ പ്രവര്‍ത്തക അസ്മ സെയ്ന്‍ ചോദിക്കുന്നത്. പാതിരാത്രിയിലാണ് എനിക്ക് ഈ സന്ദേശം ലഭിച്ചത്. എന്ത് നിര്‍ദേശമാണ് മോദി എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത്? അവര്‍ ചോദിച്ചു.
ദീര്‍ഘകാലമായി ഉപയോഗിക്കുന്ന ഇത്തിസാലാത്ത് നമ്പറിലാണ് പാകിസ്താന്‍കാരനായ ഫഹദ് സിദ്ദീഖിക്ക് സന്ദേശം ലഭിച്ചത്. ഇത് വളരെ അസാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈയിടെ ഇന്ത്യയിലേക്ക് യാത്ര ചെയ്ത ദുബൈയിലെ ബ്രിട്ടീഷുകാരിയായ ആനി മെയ്ക്കലിനും സമാനമായ സന്ദേശം ലഭിച്ചു. വിസാ നടപടികള്‍ക്കോ മറ്റോ നല്‍കിയ നമ്പര്‍ ഉപയോഗിച്ചാവാം അവര്‍ സന്ദേശമയച്ചതെന്ന് ആനി സംശയം പ്രകടിപ്പിച്ചു. നിരവധി യുഎഇ സ്വദേശികള്‍ക്കും മോദിയുടെ കത്ത് ലഭിച്ചിട്ടുണ്ട്. തങ്ങളുടെ നമ്പര്‍ ഇവര്‍ക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് പലരും അമ്പരക്കുന്നത്.
Will the @ECISVEEP take note of such a blatant misuse of government machinery and government data to serve the partisan political interests of the ruling party? pic.twitter.com/wrV6iWwfsJ
— Shashi Tharoor (@ShashiTharoor) March 18, 2024
അതേസമയം, സര്‍ക്കാര്‍ ഡാറ്റാബേസ് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. കഴിഞ്ഞ ദിവസം കെപിസിസി സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇതിനെതിരേ പ്രതിഷേധിച്ചിരുന്നു. യുഎഇയിലെ കണ്‍സള്‍ട്ടന്റ് ആന്റണി ജെ പെര്‍മലിന്റെ ഇത് സംബന്ധമായ സന്ദേശം കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എക്‌സില്‍ പങ്കുവച്ചു. സ്വകാര്യതയുടെ നഗ്നമായ ലംഘനമാണ് വ്യക്തികളുടെ മൊബൈലുകളിലേക്ക് അയക്കുന്ന ഇത്തരം സന്ദേശമെന്ന് പെര്‍മല്‍ പ്രതികരിച്ചു. ഇന്ത്യക്കാരല്ലാത്ത ആയിരക്കണക്കിന് ആളുകളുടെ സ്വകാര്യ നമ്പറുകളിലേക്ക് ഈ സന്ദേശമെത്തി. എങ്ങിനെയാണ് ബിജെപിക്കും ഇന്ത്യാ സര്‍ക്കാരിനും ഈ നമ്പറുകള്‍ ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ഏതെങ്കിലും വിധേന സര്‍ക്കാര്‍ ഡാറ്റാബേസുകളിലേക്ക് എത്തിയ മുഴുവന്‍ നമ്പറുകളിലേക്കും സ്വദേശിയെന്നോ വിദേശിയെന്നോ നോക്കാതെ ബിജെപി ഐടി സെല്‍ സന്ദേശം അയച്ചതായാണ് സംശയിക്കുന്നത്.





