കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ആശ്വാസമായത് പരാതിക്കാരുടെ നിലപാട്. കേസിലെ തുടർനടപടി ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹർജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തത്.
|
2017ൽ സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെ കേസ് റദ്ദാക്കാൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്നും നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി 2021 മേയ് ഏഴിന് വിചാരണ നടപടികൾ രണ്ട് മാസത്തേയ്ക്ക് സ്റ്റേ ചെയ്തു. പിന്നീട് 2022 ഓഗസ്റ്റ് 22ന് കേസ് ഒത്തുതീർപ്പായെന്ന് നടന്റെ അഭിഭാഷകൻ അറിയിച്ചു. തുടർനടപടിയ്ക്ക് കേസ് ഓണം അവധിയ്ക്ക് ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി അന്നും കോടതി സ്റ്റേ നീട്ടുകയായിരുന്നു.എന്നാൽ ഈ വർഷം ആദ്യം വീണ്ടും കേസ് പരിഗണനയ്ക്ക് വന്നപ്പോൾ താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചു. തുടർന്ന് കേസ് റദ്ദാക്കണമെന്ന് നടന്റെ ഹർജി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇപ്പോൾ വീണ്ടും പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് അറിയിച്ചതോടെയാണ് കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തത്.


