ഗുജറാത്തിലെ വഡോദരയില്‍ ഗാരേജില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സിന്റെ ഹൈഡ്രോളിക് ഡോറില്‍ കഴുത്ത് കുടുങ്ങി ഏഴ് വയസ്സുകാരന്‍ മരിച്ചു.
|
വഡോദരയുടെ പ്രാന്തപ്രദേശത്തുള്ള ഗാരേജില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഗാരേജിന് സമീപം കളിച്ചുകൊണ്ടിരുന്ന ദിവ്യേഷ് രത്വ എന്ന കുട്ടിയാണ് നിര്‍ത്തിയിട്ടിരുന്ന ബസ്സിനുള്ളില്‍ കയറിയത്. ഇതിനിടെ ബസ്സിന്റെ വാതില്‍ പെട്ടെന്ന് അടയുകയും കുട്ടിയുടെ കഴുത്ത് അതിനിടയില്‍ കുടുങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അഭിഷേക് ഗുപ്ത അറിയിച്ചു. ഗാരേജിന് പിന്നിലെ ലേബര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തൊഴിലാളി ദമ്പതികളുടെ മകനാണ് ദിവ്യേഷ്.
കടയിലേക്ക് പോകുകയാണെന്ന് അമ്മയോട് പറഞ്ഞാണ് ദിവ്യേഷ് വീട്ടില്‍ നിന്നിറങ്ങിയത്. കുട്ടി തിരികെ വരാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസ്സിന്റെ വാതിലില്‍ കുടുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
ഗാരേജിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. കുട്ടി വാതിലില്‍ കുടുങ്ങിയത് കണ്ട് ഗാരേജിലുണ്ടായിരുന്ന രണ്ട് പേര്‍ ബസ്സിന്റെ വാതില്‍ തള്ളിത്തുറന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
എന്നാല്‍ അപ്പോഴേക്കും കുട്ടി ബോധരഹിതനായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
Tags: Vadodara news, Gujarat accident, hydraulic bus door accident, Divyesh Rathwa, Vadodara police, accidental death
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





