ചെന്നൈ: അധികാരത്തിലേറിയ ശേഷം സാമൂഹിക ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ ശക്തമായ നീക്കങ്ങൾ നടത്തിവരികയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിൻ. അതിൽ പ്രധാനമമാണ് ദലിതർക്കു നേരെയുള്ള വിവേചനങ്ങൾക്ക് അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ. ഇതിൽ ഒടുവിലത്തേതാണ് ദളിതർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിന് അടച്ചുപൂട്ടിയ ക്ഷേത്രം തുറന്നു കൊടുത്തത്. കരൂർ ജില്ലയിലെ വീരനാംപെട്ടി കാളിയമ്മൻ ക്ഷേത്രമാണ് വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. കളക്ടറും എസ് പിയും നേരിട്ടെത്തിയാണ് ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ചത്. ദശാബ്ദങ്ങളായി ദളിതർക്ക് മുന്നിൽ അടച്ചിട്ട ക്ഷേത്ര വാതിലുകളാണ് ബുധനാഴ്ച തുറന്ന് നൽകിയത്. ഊരാളി ഗൌഡ വിഭാഗങ്ങളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
|
ക്ഷേത്രം തുറന്നതിന് തൊട്ടുപിന്നാലെ ഇരുവിഭാഗത്തിൽ നിന്നുള്ളവർ ഒരുമിച്ച് ക്ഷേത്രത്തിൽ പൂജകൾ നടത്തി. ക്ഷേത്രത്തിൽ കയറിയതിന് ജൂൺ 9നാണ് ദളിത് യുവാവിനെ പുറത്താക്കിയത്. ഇതിൽ ഊരാളി ഗൌഡ വിഭാഗക്കാർക്കൊപ്പം മറ്റുള്ള വിഭാഗത്തിലുൾപ്പെട്ടവരും ക്ഷേത്ര ജീവനക്കാരുടെ നടപടിയെ അനുകൂലിച്ചിരുന്നു.
തുടർന്ന് സംഭവം അറിഞ്ഞ ജില്ലാ ഭരണകൂടം ക്ഷേത്രം പൂട്ടി സീൽ ചെയ്യുകയായിരുന്നു. ദളിത് ഇതര വിഭാഗങ്ങൾ തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നതിനെ തുടർന്ന് റവന്യൂ ഡിവിഷനൽ ഓഫീസർ പുഷ്പ ദേവി ക്ഷേത്രം സീൽ ചെയ്തത്. ഇത് മേഖലയിൽ സംഘർഷം ഉണ്ടാക്കിയിരുന്നു.





