17
Feb 2023
Sun
17 Feb 2023 Sun

ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതികളിലൊരാളെ പിന്തുണച്ച് വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി), ബജ്രം​ഗ്ദൾ റാലി. പശുരക്ഷാ​ ഗുണ്ടയും സംഘ്പരിവാർ പ്രവർത്തകനുമായ മോഹിത് എന്ന മോനു മനേസറിനെ പിന്തുണച്ചായിരുന്നായിരുന്നു തെരുവിൽ സംഘ്പരിവാർ സംഘടനകളുടെ റാലി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘‘മോനു സഹോദരാ, ധൈര്യമായി മുന്നോട്ട് പോയ്ക്കോളൂ. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. പശു സംരക്ഷകരോടുള്ള ബഹുമാനാർഥം, ഓരോ ഹിന്ദുവും രംഗത്തിറങ്ങും. ഞങ്ങളുമായി ഏറ്റുമുട്ടുന്നവരെ പൊടിപൊടിക്കും’’- തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ശനിയാഴ്ച റാലി.

മനേസർ 2016 മുതൽ സജീവ ബജ്‌റംഗ്ദൾ പ്രവർത്തകനാണ്. വിവിധ അവസരങ്ങളിൽ അമിത് ഷാ അടക്കമുള്ള ഉന്നത ബിജെപി നേതാക്കൾക്കും മന്ത്രിമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇയാൾ പങ്കുവച്ചിട്ടുണ്ട്. താനും മറ്റ് ബജ്‌റംദൾ പ്രവർത്തകരും പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തുന്നതിന്റെയും ആക്രമിക്കുന്നതിന്റേയും നിരവധി വീഡിയോകളും പ്രതി പങ്കുവച്ചിട്ടുണ്ട്.

ബുധനാഴ്ച ഗോപാൽഗഡിൽ പശു രക്ഷാ ​ഗുണ്ടകൾക്കെതിരെ കേസെടുത്തതിന് പിന്നാലെ രാജസ്ഥാനിലെ ഗെഹലോട്ട് സർക്കാരിനെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. മനേസറെ കൂടാതെ, ജുനൈദിനെയും നസീറിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചതിന് ബജ്‌റംഗ്ദൾ നേതാക്കളായ ലോകേഷ്, റിങ്കു സൈനി, ശ്രീകാന്ത് എന്നിവരുടെ പേരുകളാണ് എഫ്‌.ഐ.ആറിൽ ഉള്ളത്.

അതേസമയം, ഗുഡ്ഗാവിൽ വാർത്താസമ്മേളനം നടത്തിയ വിഎച്ച്പി വക്താക്കൾ രാജസ്ഥാനിലെ അൽവാറിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെടുത്തതും രണ്ട് എഫ്‌ഐആറുകൾ (തട്ടിക്കൊണ്ടുപോകലും കൊലപാതകവും) ഫയൽ ചെയ്തതും പശു സംരക്ഷകരുടെ പേരുകൾ ഉൾപ്പെടുത്തിയതും തെളിവുകളോ അന്വേഷണമോ ഇല്ലാതെ അറസ്റ്റ് ചെയ്തതും തീർത്തും തെറ്റും വർഗീയ പ്രശ്നവുമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞദിവസമാണ് ഹരിയാനയിലെ ഭിവാനി ജില്ലയിൽ പശുരക്ഷാ ​ഗുണ്ടകളുടെ ആക്രമണത്തിൽ രാജസ്ഥാനിലെ ഗോപാൽഗഡ് സ്വദേശികളായ ജുനൈദ് (35) നാസിർ (25) എന്നിവർ ക്രൂരമായി കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം, ഇവർ സഞ്ചരിച്ച ബൊലെറോ ജീപ്പിനുള്ളിലിട്ട് മർദിക്കുകയും അതേ വാഹനത്തിലിട്ട് ചൂവനോടെ ചുട്ടുകൊല്ലുകയായിരുന്നു. വാഹനത്തിനുള്ളിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വാഹനവും പൂർണമായി കത്തിനശിച്ചു.

സംഭവത്തിൽ ബജ്‌റംഗ്ദൾ ജില്ലാ കോഡിനേറ്ററും ഗോരക്ഷാസേന തലവനുമായ മോഹിത് എന്ന മോനു മനേസർ, ബജ്‌റംഗ്ദൾ പ്രവർത്തരായ അനിൽ, ലോകേഷ് സിഗ്ല, ശ്രീകാന്ത്, റിങ്കു സൈനി എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ഐ.പി.സി 143 (നിയമവിരുദ്ധമായി സംഘം ചേരൽ), 365 (തട്ടിക്കൊണ്ടുപോകൽ), 367 (തട്ടിക്കൊണ്ടുപോയ ശേഷം മുറിവേൽപ്പിക്കൽ), 368 (തടഞ്ഞുവയ്ക്കൽ) ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

അതേസമയം, കൊല്ലപ്പെട്ട നസീറിനെയും ജുനൈദിനെയും ഗോ സംരക്ഷാ ഗുണ്ടകൾ ആദ്യം ജീവനോടെ പൊലീസിന് മുന്നിലെത്തിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. കേസിൽ അറസ്റ്റിലായ റിങ്കു സൈനയാണ് രാജസ്ഥാൻ പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. പരിക്കുകളോടെ നസീറിനേയും ജുനൈദിനേയും തങ്ങൾ ഫിറോസ്പുർ ജിർക്കയിലുള്ള സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായാണ് റിങ്കു സൈനി അന്വേഷണ സംഘത്തോട് പറഞ്ഞത്.

നസീറും ജുനൈദും പശുക്കടത്തുകാരാണെന്നും ഇരുവരേയും അറസ്റ്റ് ചെയ്യണമെന്നും പൊലീസ് സ്റ്റേഷനിലെത്തി റിങ്കു സൈനിയും കൂട്ടാളികളും ആവശ്യപ്പെട്ടു. എന്നാൽ പാതിജീവൻ മാത്രമായ ജുനൈദും നസീറും തങ്ങളുടെ തലയിലാകുമെന്ന് ഭയന്ന പൊലീസ് അവരേയും കൊണ്ട് സ്ഥലം വിടാൻ അക്രമികളോട് ആവശ്യപ്പെടുകയായിരുന്നു. അതിനു ശേഷമാണ് ചുട്ടുകൊന്നത് എന്നത് കൊലയുടെ ഭീകരതയും പൊലീസിന്റെ ​ഗുരുതര വീഴ്ചയും ചൂണ്ടിക്കാട്ടുന്നു.

ടാക്സി ഡ്രൈവറും പശുരക്ഷാ ഗ്രൂപ്പിലെ അംഗവും കൂടിയാണ് റിങ്കു സൈനി. പൊലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ യുവാക്കളുടെ ജീവൻ നഷ്ടമാവില്ലായിരുന്നു എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സൈനിയേയും മോനു മനേസറിനേയും കൂടാതെ ബാക്കിയുള്ള കൊലയാളികൾക്കായി തെരച്ചിൽ നടത്തുകയാണെന്നാണ് പൊലീസ് പറയുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക