22
Jan 2023
Sun
22 Jan 2023 Sun

തിരുവനന്തപുരം: വിദ്യാർഥി സ്‌കൂളിൽ എത്തിയില്ലെങ്കിൽ ഉടനടി അക്കാര്യം പഞ്ചായത്ത് ഓഫീസിൽ എത്തുന്ന വിധത്തിലുള്ള ‘വില്ലേജ് എജുക്കേഷൻ രജിസ്റ്റർ’ കേരളത്തിൽ പദ്ധതി നടപ്പാക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പും തദ്ദേശഭരണവകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ തദ്ദേശഭരണ പരിധിയിലെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും അവരുടെ ജീവിതാവസ്ഥകളും ഒറ്റ ക്ലിക്കിൽ പ്രാദേശിക സർക്കാരുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കർഷിക്കുന്ന വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുകൂടിയാണ് വെബ് പോർട്ടൽ മുഖാന്തരം പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിലെ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പൂർണ വിവരങ്ങളും രക്ഷിതാക്കളെക്കുറിച്ചും അവർ ജീവിക്കുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ സ്‌കൂൾ അധികൃതർ ശേഖരിക്കും. ഈ വിവരങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ലഭിക്കും. തുടർച്ചയായി ഒരു കുട്ടി സ്‌കൂളിലെത്താതിരുന്നാൽ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധിക്കും. കാരണം കണ്ടെത്തി കുട്ടികൾക്കും കുടുംബത്തിനും ആവശ്യമായ സൗകര്യമൊരുക്കി പഠനം മുടങ്ങാതെ സംരക്ഷിക്കാനുള്ള നടപടി പഞ്ചായത്ത് നടപ്പാക്കും. പദ്ധതി നിർവഹണച്ചുമതല സമഗ്ര ശിക്ഷാ കേരളയ്ക്കാണ്. പദ്ധതിക്ക് അന്തിമ രൂപം നൽകാനായി തദ്ദേശമന്ത്രി എം ബി രാജേഷ്, പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എന്നിവരും ഇരുവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത് ഉടൻ ചർച്ച ആരംഭിക്കും.

Village education register to be prepared in Kerala